Saturday, September 26, 2009

ഓര്‍മ്മ ....

ഇന്നുമക്കാലത്തിന്നോര്‍‍മ്മകളെന്നുടെ
ചിന്തയിലാര്‍‍ത്തിരമ്പീടുന്നുവോ
ഏതോ മരിക്കാത്ത ഭൂതസ്മരണകള്‍
എന്നിലായ് വീണ്ടും മുഴങ്ങുന്നുവോ
ഒരു കൊച്ചുപൂമ്പാറ്റ പോലെയായ് 
പാറി
നടന്നൊരാക്കാലമിന്നോര്‍മ്മകളായ്
കടലാസ്സുതോണിയില്‍ തീരങ്ങള്‍ തേടി-
ക്കളിച്ചൊരക്കാലം വിദൂരമായി
ഒരു കൊച്ചു കുടയുടെ കീഴിലായ് ആ-
വിരല്‍ത്തുമ്പിന്‍മേല്‍ തൂങ്ങി നടന്നകാലം
എന്‍ പ്രിയ ജ്യേഷ്ഠന്‍റെ കുഞ്ഞരിത്തുമ്പിയായ്
ചാടിക്കളിച്ചു നടന്നകാലം
താളത്തിലാടുമീ പുഴയിലായന്നെന്‍റെ
ചിതകത്തിയെരിയുന്നതോര്‍ത്തീടവേ
ഈ നിള പാടിയ താരാട്ടുകേട്ടു
മയങ്ങിയ കാലം മറന്നുപോയി
കണ്‍മുന്നിലിന്നും തുടിക്കുമാ ഭീകര
ദൃശ്യവും അമ്മതന്‍ രോദനവും
ദൂരെയൊഴുക്കിലകന്നൊരെന്‍ ജ്യേഷ്ഠനും
ഈയൊരുകാലവുമെത്തിയില്ല
കൊച്ചു കുടക്കീഴില്‍ പുസ്തകക്കെട്ടുമായ്
ആ വിളികേട്ടു തരിച്ചു നില്‍ക്കേ
ആര്‍ത്തലച്ചീടും മഴയിലായന്നെന്‍‍റെ
തേങ്ങലുമെങ്ങോ ലയിച്ചുപോയി
'കൊച്ചുകല്‍ത്തുണ്ടുകള്‍‍ നിന്നിലെറിഞ്ഞിട്ടോ
എന്തിനെന്നമ്മയെ കൊണ്ടുപോയി'
എന്നതിനുത്തരം കിട്ടാതെ തേങ്ങിയ
നേരവും ഓളവും ചിരിച്ചുമാത്രം.
ഇറ്റിറ്റു വീഴുമീ തുള്ളികളിന്നെന്‍റെ
ചിന്തയില്‍ താണ്ഡവമാടിടുമ്പോള്‍
തീര്‍ത്തും മറക്കുവാനാകുമോ ജീവിത-
മെന്നുമനന്തമായ് നീണ്ടു നില്‍ക്കേ.

1 comment:

  1. ഗൃഹാതുരതത്തെ തൊട്ടുണര്‍ത്തുന്ന വരികള്‍....

    (താളത്തിലാടുമീ പുഴയിലായന്നെന്‍റെ

    ചിതകത്തിയെരിയുന്നതോര്‍ത്തീടവേ

    ഈ നിള പാടിയ താരാട്ടുകേട്ടു

    മയങ്ങിയ കാലം മറന്നുപോയി

    കണ്‍മുന്നിലിന്നും തുടിക്കുമാ ഭീകര

    ദൃശ്യവും അമ്മതന്‍ രോദനവും

    ദൂരെയൊഴുക്കിലകന്നൊരെന്‍ ജ്യേഷ്ഠനും

    ഈയൊരുകാലവുമെത്തിയില്ല..)
    അമ്മ എന്ന കവിതയിലെ ഈ വരികള്‍ ഓര്മ വരുന്നു...:

    ''ഒന്നര ചുറ്റി കുളി കഴിന്ജീരനായ് ,
    നന്മുടി തുമ്പില്‍ തുളസി ദലവുമായി ,
    നെറ്റിയില്‍ ചന്ദനം തൊട്ടു കരം കൂപ്പി
    മില്‍ക്കുമോരമ്മയെ തേടി നേരല്ലയോ...""

    വൃത്ത നിബദ്ധമായ ഈ ശൈലി നന്നായിരിക്കുന്നു....
    ഒരു നിമിഷം ഞാനെന്റെ ഉത്തരാധുനികതയെ കൈ വെടിജിരിക്കുന്നു...!!

    ആശംസകള്‍....

    ReplyDelete