Sunday, September 27, 2009

അധിനിവേശം

ഒരു സൂര്യന്‍ അസ്തമിക്കുന്നു
(ഭാഗ്യം, നമുക്ക് വേറേയും സൂര്യന്മാരുണ്ട്
ഒന്നിനു പിറകെ ഒന്നായി ഉദിച്ചു കൊള്ളും)
ഇത് ഒരു യുഗത്തിന്‍റെ അവസാനമെന്ന്
ഏടുകള്‍ മറിച്ചു നോക്കിയവര്‍ മന്ത്രിച്ചു.
വിധി തിരുത്തിക്കുറിക്കണമെന്ന്
പ്രകടനം നടത്തിയവര്‍ ആക്രോശിച്ചു.

ഉയരത്തിലുള്ള, പതു പതുത്ത കസേരയിലിരുന്ന്
വിധിയെഴുതിയവര്‍ അത്
തിരുത്തിക്കുറിക്കുവാനുള്ളതല്ലെന്ന്
ഉറക്കെ പ്രസ്താവിച്ചു.
പാവകള്‍ ഒരുപാടു നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
എല്ലാം ലോകജേതാവിന്‍റെ കയ്യിലെ
ചരടിലിരുന്നാണ് ആടുന്നതും.
യുദ്ധപ്പുക കെട്ടടങ്ങിയ മണ്ണില്‍
തലയും കൈകാലുകളും ഒന്നുമില്ല
കുറെ രക്തക്കറമാത്രം.
തകര്‍ന്നടിഞ്ഞ, അവശിഷ്ടങ്ങള്‍ക്കിടിയിലൂടെ
ആയുധങ്ങള്‍ പരതുന്നവര്‍.

ചൂടുപിടച്ച മണല്‍പ്പരപ്പിനു താഴെ
തിളക്കുന്ന എണ്ണയുടെ പുകഞ്ഞമണം
അന്യാധീനപ്പെട്ട പൈതൃകം !
കാവല്‍ക്കാരില്ലാത്ത ഒളി മാളങ്ങളില്‍
ഇഴഞ്ഞു ചെല്ലുന്ന അട്ടകള്‍ !
യൂദാസ്സുകള്‍ പുനര്‍ജ്ജനിക്കുന്നു !
ഒരു ത്രാസ്സിന്‍റെ ഇരുതട്ടിലായി
തൂങ്ങുന്ന നന്മതിന്മകള്‍
ഒടുവില്‍ - ന്യായവേദിയില്‍ - മുന്‍പേ രചിക്കപ്പെട്ട
ചുരുളുകള്‍ വീണ്ടും നിവര്‍ത്തി രചിക്കുമ്പോള്‍
കൈവിറക്കുന്നവന്‍റെ വിളറുന്ന മുഖം
മരുഭൂമിയില്‍ പാതിവഴിയില്‍
ചിറകറ്റുവീഴുന്ന പ്രതിഷേധങ്ങള്‍
സഹതിപിക്കുവാന്‍ 
അളവുകോല്‍ കിട്ടാത്തതിനാല്‍
കാഴ്ചയും കേള്‍വിയും ശബ്ദവും നഷ്ടപ്പെട്ട ഹിമവാന്‍റെ മക്കള്‍.
മറ്റൊന്നും ചിന്തിക്കാനില്ലാത്തവര്‍ക്ക്
ഈ അദ്ധ്യായം ഇവിടെ അവസാനിപ്പിക്കാം.
ഹേ, സദ്ദാം താളുകളില്‍ നിന്ന്
താങ്കള്‍ തനിയെ മാഞ്ഞു കൊള്ളും.
________________________________________
(സദ്ദാമിനെ തൂക്കിലേറ്റുന്നതിന് ഒരുമാസം മുന്‍പ് എഴുതിയത്.
കെ.ജി.ഒ.ഏ. ന്യൂസ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)


2 comments:

  1. ജ്വലിക്കാന്‍ ഒരുങ്ങുന്ന ഒരു കനല്‍ കഷ്ണം....!!! വാക്ക്‌ികളില്‍ നിന്ന് വാക്കുകളിലേക്കു....!
    നന്നായിരിക്കുന്നു...!! പ്രത്യേകിച്ച് ഈ വരികള്‍ -

    ''തൂങ്ങുന്ന നന്മതിന്മകള്‍
    ഒടുവില്‍ - ന്യായവേദിയില്‍ - മുന്പേ രചിക്കപ്പെട്ട
    ചുരുളുകള്‍ വീണ്ടും നിവര്‍ത്തി രചിക്കുന്പോള്‍
    കൈവിറക്കുന്നവന്‍റെ വിളറുന്ന മുഖം''


    ലോക മേധാവിത്വത്തിന്റെ പാതാള ഗര്‍ത്ത സമാനമായ ഭീകര മുഖം ധര്ഷിക്കേണ്ടി വന്നവര്‍ നാം...

    ഭരണത്തിന്റെ ധമനികളില്‍
    ഉന്മത്തതയുടെ വ്യാളീമുഖമായി
    നിറഞ്ഞാടുമ്പോഴും
    ലെഫ്റ്റ് റൈറ്റ് അടിച്ചു മുന്നോട്ട്...


    നാം കന്നുകാലികള്‍. നാം ജീവിക്കാന്‍ അര്‍ഹതയില്ലാത്തവര്‍. പുതിയ ലോകം അവരുടെതാണ്.



    സ്നേഹാശംസകള്‍............

    ReplyDelete