Sunday, May 20, 2012

പൈതല്‍

 
കുഞ്ഞേ എനിക്കൊന്നു യാത്ര ചൊല്ലാന്‍
കുഞ്ഞിക്കണ്ണു തുറന്നൊന്നു നോക്കുക നീ
കൊതിതീരെയൊരു നോക്കു കാണട്ടെ നിന്നെയി –
 ന്നവസാനമായൊന്നു പുല്‍കിടട്ടെ

കനിവെഴുമീശ്വരന്‍ അറിയാതെ നല്‍കിയോ-
രഴകിന്‍റെ തൂവലാണെന്‍റെ പൈതല്‍
നറുപുഞ്ചിരിപ്പാലിന്‍ അമൃതെടുത്തേകി
ഇന്നൊരു കുടത്തോളം നിനക്കു ദൈവം!

വഴിവിട്ടു വഴിതേടി ഏതോ കയങ്ങളില്‍
അറിയാതെ വീണതാണൊരുനാളില്‍ ഞാന്‍
പിന്‍ തിരിഞ്ഞൊരു വാക്കു പറയാതിറങ്ങിയ
പഥികര്‍തന്‍ കൂട്ടത്തിലാണു താതന്‍.

സന്ധ്യത്തിരി വെട്ടമൊന്നു താഴുന്നുവോ
രാത്രി യാമങ്ങളെ കുമ്പിടാനായ്
അമ്പിളിമാമനെ കൂട്ടിരുത്താം തങ്ക-
മൊന്നിനും കേഴുകയില്ലയെങ്കില്‍!

കൂമ്പിയുറങ്ങിയ താമരപ്പൂമൊട്ടു
പോലെ നീ രാരിരം ചായുറങ്ങേ
രാത്രി നരിച്ചീറു കൂട്ടങ്ങളെന്നരി
പ്രാവിനെ നോവിക്കയില്ലസാരം

മരണം മണത്തിടും വ്യാധിയാലമ്മതന്‍
നാളുകളെണ്ണിക്കുറിച്ചതിനാല്‍
ഇപ്പടിത്തിണ്ണയില്‍ ജീവന്‍റെ ജീവനെ
ഒറ്റയ്ക്കുപേക്ഷിച്ചു പോകുന്നു ഞാന്‍

കൊച്ചു കല്‍പ്പടിയേറി പിച്ചവച്ചെന്നുണ്ണി
പുസ്തക കെട്ടുമായ് പോകും നേരം
പാടവരമ്പത്തു പാതി മറഞ്ഞമ്മ
എന്‍ മണിക്കുഞ്ഞിനെ പാത്തു കാണും

നാളെ വളര്‍ന്നു നീ ഈ നാടു കാക്കുന്ന
കാര്യപ്രഭാവതിയാകും നേരം
കണ്ണും മനസ്സും നിറഞ്ഞു കുളിര്‍ന്നമ്മ
ഈയുലകത്തോടു യാത്ര ചൊല്ലും.

കരളേയെന്‍ കണ്ണില്‍ നിറഞ്ഞു തുളുമ്പുന്നു
പെയ്തൊഴിയാത്തൊരാം മേഘവര്‍ഷം
കണ്‍നിറഞ്ഞൊരുനോക്കു 

കാണുവാനാകാതെ
എന്നിടനെഞ്ചു പിടച്ചിടുന്നു...

ഉലകത്തിലാരും പൊറുത്തിടാ പാതകം
ചെയ്യുമീ അമ്മയ്ക്കു മാപ്പു നല്കി
അന്തിത്തിരി വെട്ടമെന്നും കൊളുത്തേണം
അമ്മതന്‍ ആത്മാവു ശാന്തി നേടാന്‍!

No comments:

Post a Comment