Thursday, May 24, 2012

കര്‍ഷ‍കന്‍
ഭക്ഷ്യസുരക്ഷയാം ഭാവി സുരക്ഷയ്ക്കായ്
ദീപം തെളിച്ചു നാം മുന്നേറവേ
അറിയുക നമ്മളീ നാടിന്‍റെ പുത്രനെ,
മണ്ണിനെ പൊന്നാക്കി മാറ്റുന്ന ധീരനെ.

ധാന്യസുരക്ഷയ്ക്കു കാവലാളാണിവന്‍
വേര്‍പ്പു നീരുപ്പാക്കി മണ്ണില്‍ വിതച്ചവന്‍
തേകുവാന്‍ വെള്ളമില്ലാത്തൊരാ പാടത്ത്
കണ്ണുനീര്‍ കൊണ്ടു ചാല്‍ കീറി നനച്ചവന്‍

കദനവിലാപങ്ങള്‍ കൊയ്ത്തു പാട്ടാക്കിയോന്‍
കതിരു കൊത്തും കിളിക്കുയിരെറിഞ്ഞാട്ടിയോന്‍
മൂത്തു വിളഞ്ഞതാം പൊന്മണിക്കനവുകള്‍
വാരിയെല്ലരിവാളാല്‍ കൊയ്തു നിറച്ചവന്‍

സ്വപ്നങ്ങള്‍ കൊയ്തൊരാ പാടത്തു നെല്‍ക്കതിര്‍
പ്രാണനേപ്പോലെ ഉണങ്ങാന്‍ വിരിച്ചവന്‍
പാതിയുണങ്ങിയ നെല്ലിന്‍ പുതപ്പിനാല്‍
പാടത്തുറങ്ങിക്കിനാവുകള്‍ കണ്ടവന്‍

അറിയാതെ പോയവന്‍ ആഗോളവല്‍ക്കരണം
അര്‍ബ്ബുദ ബാധപോല്‍ ആകെത്തകര്‍ക്കുന്നു
കാര്‍ഷിക വിളകള്‍ക്കു വിലയില്ലാതാകുന്നു
കര്‍ഷകക്കുടിലുകളില്‍ അലമുറകളുയരുന്നു!

തിരികെയടക്കുവാനായിടാ ബാദ്ധ്യത
ബാധയൊഴിഞ്ഞിടാ കോമരമാകവേ
പെണ്‍കിടാങ്ങള്‍ക്കു പഠിപ്പിന്നൊടുക്കുവാന്‍
ഇല്ലയിടങ്ങഴി നെല്ലിന്‍റെ കൂലിയും

പിടിയാപ്പിഴപ്പലിശയേറ്റും കടങ്ങളാല്‍
ഒരുനാളില്‍ ഒരു കയര്‍ത്തുമ്പിലായാടവേ
അവനീലുടറിയുകീ നാടിന്‍റെ സ്പന്ദനം
ചിറകറ്റു വീണടിഞ്ഞില്ലാതെയായതും

ആയിരം കൈകളെ ഒന്നായുയര്‍ത്തി നാം
നേരവകാശങ്ങള്‍ പോരാടി നേടവേ
ഉണരുക! ചിന്തിക്ക! ഒരു നിമിഷം
നമുക്കുയരേണ്ടതുണ്ടിനി വീണ്ടും

2 comments:

  1. ഒരു പാവം കര്‍ഷകന്റെ മനസ്സൂം കുറചു മോഹങ്ങളും, അവ തകര്‍ന്നു പോകുന്നതും ഈ കവിതയില്‍ നന്നായി അവതരിപ്പിചിരിക്കുന്നു. ഇന്നു ഓരോ കര്‍ഷകകുടുംബത്തിലും അനുഭവിക്കുന്ന ഈ യാതനകള്‍ കാനുമ്പൊള്‍...ഉണരുക! ചിന്തിക്ക! ഒരു നിമിഷം
    നമുക്കുയരേണ്ടതുണ്ടിനി വീണ്ടും ...

    ആശംസകള്‍...

    ReplyDelete