Sunday, November 15, 2015

വലിച്ചെറിയപ്പെടുന്നവര്‍

നീണ്ട യാത്രയ്ക്കൊടുവില്‍
നിറവിളക്കിനു മുന്നില്‍
വിറച്ചു വിറങ്ങലിച്ച്
കൈകൂപ്പി നിന്നതേ ഓര്‍മ്മയുള്ളൂ.
മിഴികള്‍ നിറഞ്ഞൊഴുകിയതും
തൊണ്ടയിടറിയതും, ആരുമറിഞ്ഞില്ല.
നാലു കൈത്താങ്ങുകളും,
കൈപ്പിടിയുള്ള ഒരു ഊന്നുവടിയും
ഈ നടയെത്തുവോളം 
ഒപ്പമുണ്ടായിരുന്നു,
പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍
കടന്നുവന്ന കാല്‍പ്പാടുകള്‍ പോലും
മാഞ്ഞു പോയിരിക്കുന്നു.
ചുറ്റും ആള്‍ത്തിരക്കിലും
ആരുമില്ലാത്ത ശൂന്യത മാത്രം.
കാത്തിരിപ്പിന്‍റെ നീണ്ട നാഴികകള്‍
കടന്നുപോകുമ്പോള്‍
ഇടിഞ്ഞു തൂങ്ങിയ അടിവയറും,
കുടിച്ചു വറ്റിച്ചു, ശോഷിച്ചുപോയ
മാറിടങ്ങളും,
ഇപ്പോഴും താരാട്ടു പാടുന്നുണ്ട്.
വിണ്ടുകീറിയ ചുണ്ടുകള്‍ മാത്രം
നിശ്ശബ്ദമായിരിക്കുന്നു.
മാറാല മൂടിയ,
കാഴ്ചമങ്ങിയ കണ്ണുകളില്‍
മായാതെനില്‍ക്കുന്ന
കുരുന്നു മുഖങ്ങളും
കുഞ്ഞു വികൃതികളും,
ഇടനെഞ്ചു പിടയ്ക്കുന്നു.
അവരെന്നെ തിരയുകയാവുമോ...
കാണാതെ വലയുകയാവുമോ..
മുത്തശ്ശിക്കഥ കേള്‍ക്കാതെ
കുഞ്ഞുപൈതങ്ങള്‍
ഉറങ്ങാതിരിക്കയാവുമോ....
തേങ്ങലുകള്‍, നേര്‍ത്തു നേര്‍ത്ത്
ദീര്‍ഘനിശ്വാസങ്ങളായി
ഒടുവില്‍.....ശ്വാസമകന്ന്,
തളര്‍ന്നു വീഴുമ്പോള്‍
ചുറ്റും മുഴങ്ങുന്ന
മണിയൊച്ചകള്‍ മാത്രം!
ഒപ്പം, നടയില്‍ ഭാരമിറക്കി,
തിരിച്ചു പോകുന്നവരുടെ
തിക്കും, തിരക്കും.
( ഒക്ടോബര്‍ 2013 )

1 comment: