Tuesday, October 20, 2009

കടലാസ്സു പൂക്കള്‍











ശാന്തമായൊരാ തീരവും ഓളവും
നേര്‍ത്തകാറ്റിന്‍റെ നിശ്ശബ്ദ ഗീതവും
അകലെയമരുന്ന കിരണങ്ങള്‍ തന്‍‌ ദുഖ
മിവിടെയീ പൂഴിമണലില്‍ തുടിയ്ക്കവെ
അവിടെയേകനായാകവി തന്‍ ചുറ്റു-
മിരുള്‍ പരക്കുന്ന തറിയാതിരിക്കയാ-
ണരികിലൊരു കൊച്ചുഭാണ്ഡമുണ്ടാം മൂക-
മൊരു ദുരന്തത്തിന്‍ സാക്ഷിയാണെന്ന
പോല്‍

കനവുറങ്ങുമോ തീരത്തിരുന്നൊരു
കടലാസ്സിലെന്തോ കുറിക്കുകയാണയാള്‍
ഒരു പിടിത്തുണ്ടുകളവിടെയുമിവിടെയും
അലകളില്‍ച്ചേരുവാനായ്പ്പറക്കുന്നു
മിഴികളില്‍ത്തുള്ളിയൂറിയിരിക്കുന്ന-
തിരുളിലാരുമേ കണ്ടെന്നിരിക്കില്ല.
ഇടയിലൊപ്പുന്നതുണ്ടയാളെങ്കിലും
ഇടയിലായവ മണ്ണിനെപ്പുല്‍കുന്നു.

മതിവരാതെയീക്കാലവു മത്രയും
മധുരമേകിയോരോര്‍മ്മകളാണവ
അതിവിദൂരമങ്ങേതോ വസന്തത്തി-
ന്നിതളിലായ് പൂത്ത സ്വപ്നങ്ങളാണവ
ക്ഷണികമേതോ ഋതുക്കളും വര്‍ണ്ണവും
ഇടവിടാതെയായ് വന്നു പോയെങ്കിലും
മാഞ്ഞിടാത്തൊരാമോര്‍മ്മ തന്‍ ചിത്രങ്ങള്‍
വരികളാക്കുവാനര്‍ത്ഥിക്കയാണയാള്‍
.............................
അരികിലുണ്ടായിരുന്നവള്‍ നിത്യവും
ഇഴപിരിഞ്ഞിടാത്താമര നൂലിനാല്‍
അരിയ സ്വപ്നങ്ങള്‍ നെയ്തതും പിന്നെയീ
പുഴമണല്‍ക്കരെക്കോലം വരച്ചതും
"തോഴ നിന്‍ തോളില്‍ ചാരിക്കിടന്നൊരു-
പാടു സൃഷ്ടിതന്‍ പുണ്യമുണ്ടാകണം"
എന്നു ചൊല്ലിപ്പിരിഞ്ഞൊരാ രാപ്പാടി
തന്‍റെ യോര്‍മ്മയീലായിപ്പിടഞ്ഞയാള്‍


കളകളാരവം കേട്ടൊരാപുഴയുടെ
കരയിലെന്നുമേയൊരുമിച്ചിരുന്നവര്‍‌‍
പൊലിയുവാനായെരിഞ്ഞിടും തോഴിതന്‍
മിഴികളില്‍ സ്വപ്നകാവ്യം രചിച്ചവന്‍
ചെറിയ കല്ലുകളാലെയിടയ്ക്കിടെ

പുഴയിലേയ്ക്കെറിഞ്ഞോളങ്ങള്‍‌ തീര്‍ത്തയാള്‍
കവിതയെന്നും തുളുമ്പീടുമവളുടെ
കവിളിലൊരുപാടു മുത്തങ്ങള്‍ നല്‍കിയും
മുടിയിഴകളില്‍ കൈവിരലോടിച്ചും
മൃദുലമായൊന്നു നുള്ളിയും നോവിച്ചും
വരികളാലവള്‍ തീര്‍ക്കുന്ന സ്നേഹത്തി-
ന്നിടയിലായൊന്നു കണ്ണുകളോടിച്ചും
കാതിലായവന്‍ ചൊല്ലി "നീയെന്‍ പ്രീയ
രാധയാണെന്‍റെ ജിവന്‍റെ താളവും
ഇവിടെയിങ്ങനെയൊരുപാടു വരികള്‍ തന്‍
സ്വര്‍ണ്ണ സൌധം നാമൊരുമിച്ചു തീര്‍ക്കണം"
അല്ലലറിയാതെ പൊട്ടിച്ചിരിക്കുന്ന
പുഴയിലായ് ധ്വനിക്കുന്നവള്‍ തന്‍ ചിരി
"പോയിടേണം പൊലിഞ്ഞു തീരാറായ
ജീവനായുസ്സു നല്‍കില്ലയീശ്വരന്‍
എന്‍റെ സൃഷ്ടിതന്നൂര്‍ജ്ജവും ഭാവവും
എന്‍റെ കണ്ണനാം നീ"യെന്നു ചൊല്ലിയാള്‍
"ഇല്ലയേകുവാനൊരു പിടി കടലാസു
പൂക്കളല്ലാതെയെന്‍റെയീ ജന്മത്തില്‍"

സാന്ത്വനങ്ങളാം മഞ്ഞിന്‍ പുതപ്പാലേ
മൂടിയവനവള്‍ തന്‍ കുളിരാറ്റുവാന്‍
ചൊല്ലി "നാമിരുപൂക്കളായാകാശ-
ക്കൊന്ന തന്നിലായ് പൂക്കുന്നൊരുകാല
മെത്തുമന്നേക്കു മാത്രമായെന്‍ സഖി
കാത്തുകൊള്‍കനീയീസ്നേഹമത്രയും"
പെയ്തൊഴിഞ്ഞീടാന്‍ വെമ്പുമാ മേഘത്തിന്‍
മാറിലായ് നീറും വേഴാമ്പലായവള്‍
നേര്‍ത്ത കാറ്റില്‍ പൊലിഞ്ഞൊരാ സന്ധ്യക്ക്
മാറ്റുരക്കുവാന്‍ പോലുമേയാകാതെ.
....................................
ഇലകളോരോന്നുതിര്‍ന്നു വീണൊടുവിലാ-
കാലവൃക്ഷത്തില്‍ പൂക്കളില്ലാതെയായ്
ഇനിയുമുറവ വറ്റാത്തൊരീ പുഴയുടെ
കരയിലായവന്‍ തന്നെയിരിക്കുന്നു.
കരുതലായുണ്ടാ ഭാണ്ഡത്തിലൊരുപാടു
കറകളഞ്ഞതാം സ്നേഹത്തിന്‍ സാക്ഷികള്‍
ഇടയിലായവന്‍ ഗദ്ഗദം മാറ്റുവാ-
നുരുവിടാറുണ്ടതീണമില്ലെങ്കിലും


കേട്ടു ഗൂഡസ്മിതം പൊഴിച്ചാപുഴ
ഏറ്റു വാങ്ങീയവന്‍റെയാം നൊമ്പരം
ഒടുവിലെങ്ങോ മറഞ്ഞവന്‍ പ്രാണന്‍റെ
പുതിയ ജന്മവും തേടിത്തിരിച്ചതോ
അറിയുകില്ലെന്നു കൈമലര്‍ത്തീ പുഴ
കുടുകുടെച്ചിരിച്ചാരോടോ ചൊല്ലുന്നു
"ഇവിടെയീ മടിത്തട്ടിലായൊരുപാടു
വ്രണിത മോഹങ്ങളുണ്ടതിന്‍ സാക്ഷി ഞാന്‍"
വീണ്ടുമൊഴുകുകയാണു തന്നുദരത്തി-
ലായൊരുപാടു കടലാസ്സുതുണ്ടുമായ്

മതിവരാതെ പൊലിഞ്ഞൊരാ സ്നേഹത്തി-
ന്നൊളിവിടാത്തൊരു ബാക്കി പത്രങ്ങളായ്
അവിടെയിന്നുമിരിപ്പുണ്ടാ ഭാണ്ഡവും
അതിലൊരഞ്ചാറു കടലാസ്സു പൂക്കളും.
______________


3 comments:

  1. ആത്മ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ അടുക്കിവച്ച അക്ഷരങ്ങള്‍...
    നന്നായിരിക്കുന്നു ..
    ആശംസകള്‍ ....

    ReplyDelete
  2. വാക്കുകള്‍
    രക്തമുറയാത്ത
    വലിയ
    മുറിവായി മാറുന്നു...
    നോവിന്‍റെ വരികള്‍......

    ആശംസകള്‍......

    ReplyDelete
  3. നല്ല ഭാഷ , നല്ല കവിത , നല്ല ഭാവന ....

    മനസ്സിന്റെ ഏതോ കോണില്‍ നേരിയ ഒരു വേദന ശേഷിപ്പിക്കുന്നുണ്ട് സിന്ധുവിന്റെ വരികള്‍..

    "ഇവിടെയീ മടിത്തട്ടിലായൊരുപാടു
    വ്രണിത മോഹങ്ങളുണ്ടതിന്‍ സാക്ഷി ഞാന്‍"

    ലോര്‍ഡ്‌ ടെന്നിസ്സന്റെ ദി ബ്രൂക്ക് എന്ന കവിതയോട് കിടപിടിക്കുന്ന വാക്കുകള്‍ .

    "തോഴ നിന്‍ തോളില്‍ ചാരിക്കിടന്നൊരു-
    പാടു സൃഷ്ടിതന്‍ പുണ്യമുണ്ടാകണം"

    ഇനിയുമുറവ വറ്റാത്തൊരീ പുഴയുടെ
    കരയിലായവന്‍ തന്നെയിരിക്കുന്നു.
    കരുതലായുണ്ടാ ഭാണ്ഡത്തിലൊരുപാടു
    കറകളഞ്ഞതാം സ്നേഹത്തിന്‍ സാക്ഷികള്‍
    ഇടയിലായവന്‍ ഗദ്ഗദം മാറ്റുവാ-
    നുരുവിടാറുണ്ടതീണമില്ലെങ്കിലും

    എത്ര ഹൃദയ സ്പര്‍ശിയായ വാക്കുകള്‍

    നന്നായിരിക്കുന്നു സിന്ധു..

    ReplyDelete