Thursday, February 21, 2013

അഗാധ ഗര്‍ത്തങ്ങള്‍ 

ചൂട്ടെരിച്ചു തിമര്‍ക്കുന്ന ആര്‍പ്പു വിളികള്‍ക്കും
ആഘോഷങ്ങള്‍ക്കുമിടയില്‍ ഇടയ്ക്കിടെ
ഞാനാ അഗാധ ഗര്‍ത്തത്തിലേയ്ക്ക്
ഇറങ്ങിച്ചെല്ലാറുണ്ട്.

അവിടെ..........,
കാലങ്ങളായി പുകയുന്ന
ഹൃദയത്തിന്‍റെ ഒരു പകുതിയും,
മുറിച്ചെടുക്കപ്പെട്ട കരളും....,
തലോടല്‍ കാത്തു മയങ്ങിപ്പോയ മുടിയിഴകളും,
കണ്ണീരൊപ്പാന്‍ കഴിയാതെ പിടയുന്ന കണ്‍പീലികളും,
കടന്നു വന്ന വഴിയോളവും തിരിച്ചുചെല്ലാന്‍
കൊതിയ്ക്കുന്ന കാല്‍പ്പാദങ്ങളും....
സ്വപ്നങ്ങളിലെന്നോ കണ്ട പിടിവള്ളികള്‍ക്കായി
പരതുന്ന ഇരു കൈകളും........ പിന്നെ....
നോവുകള്‍ തുന്നിക്കൂട്ടിയ ഒരു ഗര്‍ഭപാത്രവും
എന്നെ കാത്തു നില്‍ക്കാറുണ്ട്.
(അഗാധമായ ആ കയത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍
നിഴല്‍പോലും കൂടെയില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു)

ഇനിയും താഴെ.....
കനത്ത ഇരുട്ടും, കരിഞ്ഞ ഗന്ധവും
അവിടവിടെയായി എരിയുന്ന കനല്‍ക്കഷ്ണങ്ങളും...!
ചീഞ്ഞ അവശിഷ്ടങ്ങള്ക്കിടയിലൂടെ അല്‍പംകൂടി നടന്നാല്‍...
ഒരു കവാടത്തിനപ്പുറം.............................
എല്ലാ നൊമ്പരങ്ങളും തഴുകി ഒഴുകിയെത്തിയ
തെളിഞ്ഞ ഒരു തടാകമുണ്ടു പോലും!
നക്ഷത്രപ്പൂക്കളാല്‍ അലംകൃതമായ ഒരു കണ്ണീര്‍ത്തടാകം!
അവിടെ....സൂര്യനും, ചന്ദ്രനും ഒരുമിച്ച് ഉദിച്ചു നില്ക്കുന്നു!

ജന്മത്തിന്‍റെ പുണ്യവും, പൂര്‍ണ്ണതയും ഒരുമിക്കുന്നത്
അവിടെയെന്ന് അറിയുന്നുവെങ്കിലും...
ഒരിയ്ക്കലും ഞാനാ കവാടം തുറന്നിട്ടില്ല.
ആര്‍പ്പു വിളികള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയിലേക്ക്
പിന്‍ തിരിഞ്ഞോടുന്നു........എപ്പോഴും......

No comments:

Post a Comment