Sunday, November 15, 2015

കരിയിലത്താരാട്ട്

കരിയിലകള്‍...
നിശബ്ദരായി ഏതോ പാദചലനം 
കാതോര്‍ത്തിരിക്കുന്നവര്‍.
നാളുകളുടെ നിശ്വാസങ്ങള്‍ ഏറ്റുവാങ്ങി
വിറങ്ങലിച്ചു വിതുമ്പുന്നവര്‍
ഇന്നലെകളില്‍
ഇളം കാറ്റില്‍ ഇളകിയാടി,
പടര്‍ന്നു തുടങ്ങിയ പുതുനാമ്പുകളെ നോക്കി
പരസ്പരം കണ്ണിറുക്കി ഊറിച്ചിരിച്ചവര്‍..
ഇടയ്ക്ക്
പൊഴിഞ്ഞു വീഴുന്ന പൂക്കളെ നോക്കി
ദീര്‍ഘനിശ്വാസം ഉതിര്‍ത്തും
നേര്‍ത്ത കാറ്റിന്‍റെ
കുഞ്ഞു തലോടലുകളില്‍
സാന്ത്വനം തേടിയും
സന്ധ്യയിലെ ശംഖൊലികളില്‍
കൂമ്പിയ മിഴികളുമായി
എന്തിനോ കാത്തു നിന്നവര്‍.
ഒരു നാള്‍ .......
വഴിതെറ്റിയെത്തിയ കൊടുങ്കാറ്റിന്‍റെ
ചൂളമടിക്കൊടുവില്‍
‍പേടിച്ചരണ്ട് കണ്ണുകള്‍ ഇറുക്കിയടച്ചതും
ആരോടും യാത്ര പറയാനാകാതെ
അടര്‍ന്നു വീണതും
നിമിഷാര്‍ദ്ധങ്ങളില്‍ ഒതുങ്ങുമ്പോള്‍
ഞെരിഞ്ഞമരുന്ന നിശ്വാസങ്ങള്‍
മണ്ണില്‍ അലിഞ്ഞുചേരാന്‍ ഇനി
ഏതാനും നാളുകള്‍ കൂടി ....
അതിനിടയില്‍
തരിച്ചു നില്‍ക്കുന്ന പുതുനാമ്പുകളെ
ഒരു താരാട്ടിലെങ്കിലും സാന്ത്വനിപ്പിക്കാമോ....
( ഡിസംബര്‍ 2013)

No comments:

Post a Comment