Sunday, November 15, 2015

മുറിവുകള്‍‍

ഉള്ളില്‍‍
ഉറഞ്ഞുകൂടുന്നുണ്ട്...
മഞ്ഞടരുകള്‍‍ പോലെ 
തിരിച്ചറിയാത്ത ചിലത്!!
അടുക്കുകള്‍ക്കിടയില്‍
കുരുങ്ങിക്കിടക്കുന്ന മനസ്സ്
അടര്‍ത്തിയെടുക്കാനാവത്തവണ്ണം
ഉറഞ്ഞുപോയിരിക്കുന്നു.
വിള്ളലുകള്‍ക്കിടയിലൂടെ
ഇറ്റുവീഴുന്ന ഹിമകണങ്ങള്‍ക്ക്
കടും ചുവപ്പുനിറം.
എണ്ണമറ്റ പോറലുകള്‍ക്കിടയില്‍
ആഴത്തിലേറ്റ
ഏതോ സൂചിപ്പഴുതില്‍ നിന്നാവാം
ഇടക്കിടെ
അതങ്ങനെ ഉതിര്‍ന്നു വീഴുന്നു.
താളമില്ലാത്ത തുടിപ്പുകള്‍ക്കിടയിലും
വേറിട്ടുകേള്‍ക്കുന്ന നേര്‍ത്ത തേങ്ങലുകള്‍
മതിലുകള്‍‍ തകര്‍ത്ത്
കിതപ്പോടെയെത്തി
തളംകെട്ടി നിന്ന്
ഒടുവില്‍
തിരിച്ചുപോകാനറിയാതെ
വഴിതെറ്റിയൊഴുകി
വെളുത്ത പ്രതലത്തിലെ
കറുത്ത വരകളില്‍‍
ഉരുണ്ടുവീണു
ചിതറിത്തെറിച്ച്
അലിഞ്ഞു തീരുമ്പോള്‍‍
മുന്നില്‍-
വരഞ്ഞുതീരാറായൊരു മനസ്സ്
വീണ്ടും അവ്യക്തമാകുന്നു.
( ഡിസംബര്‍ 2013)

No comments:

Post a Comment