Sunday, November 15, 2015

വാല്‍നക്ഷത്രം

നിലാവകന്ന 
നിശ്ശബ്ദമായ രാത്രി.
ശൂന്യമായ മനസ്സില്‍ നിന്നും
പടിയിറങ്ങിപ്പോയ വാക്കുകള്‍
പരിഹസിച്ചു ചിരിക്കുന്ന
ശബ്ദം മാത്രം.
അങ്ങകലെ
മേഘക്കീറുകള്‍ക്കിടയില്‍‍
ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്ന
അനേകം നക്ഷത്രങ്ങള്‍...
ഒരു നക്ഷത്രം മാത്രം
എന്നെ നോക്കി
ഉറക്കമില്ലാതെ
ചലനമില്ലാതെ
ഇമയനക്കാതെ നില്‍ക്കുന്നു!
എന്നെങ്കിലുമൊരു നാള്‍
ഒരു വെളിച്ചത്തിന്‍റെ കീറ്
പകര്‍ന്നു കിട്ടിയിരുന്നെങ്കില്‍,
അതിനുള്ളില്‍
ഒരു ജന്മം മുഴുവനും
പുതച്ചു മൂടി
മറ്റൊരു നക്ഷത്രമായി
അങ്ങകലെ എല്ലാം നോക്കി
മൌനമായി നില്‍ക്കാമായിരുന്നു.
ആരും തിരിച്ചറിയാത്ത
ഏതെങ്കിലുമൊരു നാളില്‍
നീ മാത്രം നോക്കിനില്‍ക്കെ
ഒരു വാല്‍നക്ഷത്രമായി
ഒന്നുകൂടി മിന്നി
അദൃശ്യമാകാമായിരുന്നു...!
( നവംബര്‍ 2013)

No comments:

Post a Comment