Sunday, November 15, 2015

വലിച്ചെറിയപ്പെടുന്നവര്‍

നീണ്ട യാത്രയ്ക്കൊടുവില്‍
നിറവിളക്കിനു മുന്നില്‍
വിറച്ചു വിറങ്ങലിച്ച്
കൈകൂപ്പി നിന്നതേ ഓര്‍മ്മയുള്ളൂ.
മിഴികള്‍ നിറഞ്ഞൊഴുകിയതും
തൊണ്ടയിടറിയതും, ആരുമറിഞ്ഞില്ല.
നാലു കൈത്താങ്ങുകളും,
കൈപ്പിടിയുള്ള ഒരു ഊന്നുവടിയും
ഈ നടയെത്തുവോളം 
ഒപ്പമുണ്ടായിരുന്നു,
പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍
കടന്നുവന്ന കാല്‍പ്പാടുകള്‍ പോലും
മാഞ്ഞു പോയിരിക്കുന്നു.
ചുറ്റും ആള്‍ത്തിരക്കിലും
ആരുമില്ലാത്ത ശൂന്യത മാത്രം.
കാത്തിരിപ്പിന്‍റെ നീണ്ട നാഴികകള്‍
കടന്നുപോകുമ്പോള്‍
ഇടിഞ്ഞു തൂങ്ങിയ അടിവയറും,
കുടിച്ചു വറ്റിച്ചു, ശോഷിച്ചുപോയ
മാറിടങ്ങളും,
ഇപ്പോഴും താരാട്ടു പാടുന്നുണ്ട്.
വിണ്ടുകീറിയ ചുണ്ടുകള്‍ മാത്രം
നിശ്ശബ്ദമായിരിക്കുന്നു.
മാറാല മൂടിയ,
കാഴ്ചമങ്ങിയ കണ്ണുകളില്‍
മായാതെനില്‍ക്കുന്ന
കുരുന്നു മുഖങ്ങളും
കുഞ്ഞു വികൃതികളും,
ഇടനെഞ്ചു പിടയ്ക്കുന്നു.
അവരെന്നെ തിരയുകയാവുമോ...
കാണാതെ വലയുകയാവുമോ..
മുത്തശ്ശിക്കഥ കേള്‍ക്കാതെ
കുഞ്ഞുപൈതങ്ങള്‍
ഉറങ്ങാതിരിക്കയാവുമോ....
തേങ്ങലുകള്‍, നേര്‍ത്തു നേര്‍ത്ത്
ദീര്‍ഘനിശ്വാസങ്ങളായി
ഒടുവില്‍.....ശ്വാസമകന്ന്,
തളര്‍ന്നു വീഴുമ്പോള്‍
ചുറ്റും മുഴങ്ങുന്ന
മണിയൊച്ചകള്‍ മാത്രം!
ഒപ്പം, നടയില്‍ ഭാരമിറക്കി,
തിരിച്ചു പോകുന്നവരുടെ
തിക്കും, തിരക്കും.
( ഒക്ടോബര്‍ 2013 )

അടര്‍ന്നുപോയവള്‍

അമ്മയേകും തണലേറ്റുറങ്ങിയും
ഇടയ്ക്കൊരു തലോടലുമേറ്റിരിക്കും
നോവറിയാത്തോരെന്നെ നിങ്ങള്‍
വേരോടെയല്ലോ പിഴുതെടുത്തു!
ഇളംപരുവത്തില്‍‍ പിരിച്ചെന്നാലേ
ഇവള്‍ നന്നാവൂ എന്നും ചൊല്ലി
പറിച്ചെടുത്തൊരാ നേരത്തയ്യോ
മറിഞ്ഞു വീണോരമ്മയിലത്തുമ്പില്‍ നിന്നും
രണ്ടുതുള്ളിയെന്‍ നെറുകയിലിറ്റിയതു
തിരിച്ചറിയാ നോവായ്ത്തുടിക്കുന്നു.
വേരിറങ്ങാത്തൊരീ വെട്ടുകല്‍ മണ്ണില്‍,
വെള്ളമില്ലാതെ, വരണ്ട കാറ്റേറ്റ്,
നിറമിഴികളുമായ് തേങ്ങുമെന്നെനോക്കി
ഇടയ്ക്കിടെ വന്നുപോകും ചാറ്റല്‍മഴയും
ചെമ്പന്‍ കിളിയും, പൂഴിക്കാറ്റും
എപ്പോഴുമെന്തേ കളിയാക്കിച്ചിരിക്കുന്നു.
ഒപ്പം നിന്നോരു മാവേടത്തിയേയും,
മാതളക്കുറുമ്പിയേയും
ആരുമേ പറിച്ചെടുത്തതില്ലാ
എന്നെ മാത്രമെന്തേ...
ഞാനൊരു
വാഴയായ്പ്പിറന്നതിനാലോ..?
വേണമെനിക്കെന്നില്ലിത്തോട്ടിലെ വെള്ളം
കൂട്ടുകാര്‍ക്കൊപ്പം വളവും, വെളിച്ചവും
മറയില്ലാതെയാ സൂര്യനെക്കാണണം
മാനംമുട്ടേ തലയൊന്നുയര്‍ത്തണം.
ഇവിടെയീ വേരുറയ്ക്കാത്ത മണ്ണില്‍ ഞാന്‍
ഇലകള്‍ വാടിത്തളര്‍ന്നുപോകുന്നു
ചൂടുതാങ്ങാതുരുകുന്നു,
ഏകയായ് മാറീടുന്നു.
തിരിച്ചു പോകേണമെനിക്കെന്‍റെ
നനവുറഞ്ഞൊരാ മണ്ണിലേക്കു വീണ്ടും
അലിഞ്ഞുതീരേണമവിടെയൊ മണ്ണില്‍
അഭിമാനിക്കുന്നതിലെന്നുമെന്നും.
( നവംബര്‍ 2013)

വാല്‍നക്ഷത്രം

നിലാവകന്ന 
നിശ്ശബ്ദമായ രാത്രി.
ശൂന്യമായ മനസ്സില്‍ നിന്നും
പടിയിറങ്ങിപ്പോയ വാക്കുകള്‍
പരിഹസിച്ചു ചിരിക്കുന്ന
ശബ്ദം മാത്രം.
അങ്ങകലെ
മേഘക്കീറുകള്‍ക്കിടയില്‍‍
ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്ന
അനേകം നക്ഷത്രങ്ങള്‍...
ഒരു നക്ഷത്രം മാത്രം
എന്നെ നോക്കി
ഉറക്കമില്ലാതെ
ചലനമില്ലാതെ
ഇമയനക്കാതെ നില്‍ക്കുന്നു!
എന്നെങ്കിലുമൊരു നാള്‍
ഒരു വെളിച്ചത്തിന്‍റെ കീറ്
പകര്‍ന്നു കിട്ടിയിരുന്നെങ്കില്‍,
അതിനുള്ളില്‍
ഒരു ജന്മം മുഴുവനും
പുതച്ചു മൂടി
മറ്റൊരു നക്ഷത്രമായി
അങ്ങകലെ എല്ലാം നോക്കി
മൌനമായി നില്‍ക്കാമായിരുന്നു.
ആരും തിരിച്ചറിയാത്ത
ഏതെങ്കിലുമൊരു നാളില്‍
നീ മാത്രം നോക്കിനില്‍ക്കെ
ഒരു വാല്‍നക്ഷത്രമായി
ഒന്നുകൂടി മിന്നി
അദൃശ്യമാകാമായിരുന്നു...!
( നവംബര്‍ 2013)

മുറിവുകള്‍‍

ഉള്ളില്‍‍
ഉറഞ്ഞുകൂടുന്നുണ്ട്...
മഞ്ഞടരുകള്‍‍ പോലെ 
തിരിച്ചറിയാത്ത ചിലത്!!
അടുക്കുകള്‍ക്കിടയില്‍
കുരുങ്ങിക്കിടക്കുന്ന മനസ്സ്
അടര്‍ത്തിയെടുക്കാനാവത്തവണ്ണം
ഉറഞ്ഞുപോയിരിക്കുന്നു.
വിള്ളലുകള്‍ക്കിടയിലൂടെ
ഇറ്റുവീഴുന്ന ഹിമകണങ്ങള്‍ക്ക്
കടും ചുവപ്പുനിറം.
എണ്ണമറ്റ പോറലുകള്‍ക്കിടയില്‍
ആഴത്തിലേറ്റ
ഏതോ സൂചിപ്പഴുതില്‍ നിന്നാവാം
ഇടക്കിടെ
അതങ്ങനെ ഉതിര്‍ന്നു വീഴുന്നു.
താളമില്ലാത്ത തുടിപ്പുകള്‍ക്കിടയിലും
വേറിട്ടുകേള്‍ക്കുന്ന നേര്‍ത്ത തേങ്ങലുകള്‍
മതിലുകള്‍‍ തകര്‍ത്ത്
കിതപ്പോടെയെത്തി
തളംകെട്ടി നിന്ന്
ഒടുവില്‍
തിരിച്ചുപോകാനറിയാതെ
വഴിതെറ്റിയൊഴുകി
വെളുത്ത പ്രതലത്തിലെ
കറുത്ത വരകളില്‍‍
ഉരുണ്ടുവീണു
ചിതറിത്തെറിച്ച്
അലിഞ്ഞു തീരുമ്പോള്‍‍
മുന്നില്‍-
വരഞ്ഞുതീരാറായൊരു മനസ്സ്
വീണ്ടും അവ്യക്തമാകുന്നു.
( ഡിസംബര്‍ 2013)

കരിയിലത്താരാട്ട്

കരിയിലകള്‍...
നിശബ്ദരായി ഏതോ പാദചലനം 
കാതോര്‍ത്തിരിക്കുന്നവര്‍.
നാളുകളുടെ നിശ്വാസങ്ങള്‍ ഏറ്റുവാങ്ങി
വിറങ്ങലിച്ചു വിതുമ്പുന്നവര്‍
ഇന്നലെകളില്‍
ഇളം കാറ്റില്‍ ഇളകിയാടി,
പടര്‍ന്നു തുടങ്ങിയ പുതുനാമ്പുകളെ നോക്കി
പരസ്പരം കണ്ണിറുക്കി ഊറിച്ചിരിച്ചവര്‍..
ഇടയ്ക്ക്
പൊഴിഞ്ഞു വീഴുന്ന പൂക്കളെ നോക്കി
ദീര്‍ഘനിശ്വാസം ഉതിര്‍ത്തും
നേര്‍ത്ത കാറ്റിന്‍റെ
കുഞ്ഞു തലോടലുകളില്‍
സാന്ത്വനം തേടിയും
സന്ധ്യയിലെ ശംഖൊലികളില്‍
കൂമ്പിയ മിഴികളുമായി
എന്തിനോ കാത്തു നിന്നവര്‍.
ഒരു നാള്‍ .......
വഴിതെറ്റിയെത്തിയ കൊടുങ്കാറ്റിന്‍റെ
ചൂളമടിക്കൊടുവില്‍
‍പേടിച്ചരണ്ട് കണ്ണുകള്‍ ഇറുക്കിയടച്ചതും
ആരോടും യാത്ര പറയാനാകാതെ
അടര്‍ന്നു വീണതും
നിമിഷാര്‍ദ്ധങ്ങളില്‍ ഒതുങ്ങുമ്പോള്‍
ഞെരിഞ്ഞമരുന്ന നിശ്വാസങ്ങള്‍
മണ്ണില്‍ അലിഞ്ഞുചേരാന്‍ ഇനി
ഏതാനും നാളുകള്‍ കൂടി ....
അതിനിടയില്‍
തരിച്ചു നില്‍ക്കുന്ന പുതുനാമ്പുകളെ
ഒരു താരാട്ടിലെങ്കിലും സാന്ത്വനിപ്പിക്കാമോ....
( ഡിസംബര്‍ 2013)

കളിത്തോഴന്‍‍‍

നേര്‍ത്തകാറ്റില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചിലമ്പിച്ചു നില്‍ക്കുമീ
നാട്ടുമാവിന്‍റെ ചില്ലകളാടവെ
മുന്നിലായിപ്പൊഴിഞ്ഞിടും കണ്ണികള്‍
എന്മനസ്സിനെ താലോലമാട്ടുന്നു
ചെറിയചേമ്പില വട്ടം പിടിച്ചുചേര്‍-‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
ത്തതിലൊരഞ്ചാറു ക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ണ്ണിമാങ്ങ നിറ-
ച്ചെന്‍റെമുന്നില്‍ ചിരിച്ചു നിന്നീടുമെന്‍‍
കുഞ്ഞുതോഴനെയോര്‍ത്തു പോകുന്നുഞാന്‍
പുതുമഴയ്ക്കൊത്തു പാതയോരത്തു നീ
പകുതിയും നനഞ്ഞീറനായ് വന്നെന്‍റെ
അരികില്‍ വാഴയിലക്കുട ചൂടിച്ചു
ചിരിചൊരിഞ്ഞന്നു നിന്നതോര്‍ക്കുന്നുഞാന്‍.
തോട്ടുവെള്ളത്തില്‍ തുള്ളിക്കളിച്ചിടും
ചെറുപരല്‍ക്കൂട്ടമാകെപ്പിടിച്ചിടാന്‍
ചൂണ്ടകോര്‍ത്തിടും നിന്‍റെചാരത്തുഞാന്‍
ചേമ്പിലക്കുമ്പിളേന്തി നില്‍ക്കുന്നതും
പകലുപോലുമിരുട്ടൊഴിയാത്തൊരാ
പഴയവീടിന്‍റെ മച്ചകത്തട്ടിലായ്
ഇറുകെയെന്നെ പുണര്‍ന്നൊരാനേരത്തെന്‍
കൊലുസഴിഞ്ഞതിന്‍ തേങ്ങലുയര്‍ന്നതും
നിലവിളക്കിന്‍റെ മുന്നില്‍ത്തൊഴും നേരം
നിറയുമെന്‍ മിഴി ദീപങ്ങള് കാണുവാന്‍
അരികു കൊത്തിയ തൂണിന്‍റെയപ്പുറം
പതിയെ നിന്നു നീ ഊറിച്ചിരിച്ചതും
നിഴലുറങ്ങുന്ന മച്ചകത്തിണ്ണയില്‍
ഞെരിയുമെന്‍ കുപ്പിവളകളുടയവേ
മിഴികള്‍കൂമ്പിടും നേരത്തൊരിയ്ക്കലും
പിരിയുകില്ലെന്നു കാതില്‍‍ നീ ചൊന്നതും,
ഇന്നുമെന്നുള്ളില്‍ നീറുന്നൊരോര്‍മ്മതന്‍
മര്‍മ്മരങ്ങളായലയടിച്ചീടവേ
ഇവിടെയീ കുളപ്പടവിലായിങ്ങനെ
ഇമയനങ്ങാതെ നോക്കിയിരിപ്പുഞാന്‍
നെറ്റിമേല്‍ നറു കുങ്കുമംചാര്‍ത്തുവാന്‍
മറ്റൊരാള്‍ക്കുമായ് കാത്തിരുന്നില്ല ഞാന്‍
കാതടപ്പിച്ചിടും പഴിപ്പാട്ടുകേ-
ട്ടേറെനാളുകള്‍ വാടിക്കൊഴിഞ്ഞുപോയ്
യാത്രചൊല്ലാതകലേ മറഞ്ഞൊരെന്‍
കൂട്ടുകാരനെ കാത്തുകാത്തിങ്ങനെ
ഇരുളിനോടൊത്തു കൂട്ടിരുന്നീടുമെന്‍
കരളിലെന്നുമോരുലയെരിഞ്ഞീടുന്നു.
(  ഡിസംബര്‍ 2013 ) 

Thursday, February 21, 2013

അഗാധ ഗര്‍ത്തങ്ങള്‍ 

ചൂട്ടെരിച്ചു തിമര്‍ക്കുന്ന ആര്‍പ്പു വിളികള്‍ക്കും
ആഘോഷങ്ങള്‍ക്കുമിടയില്‍ ഇടയ്ക്കിടെ
ഞാനാ അഗാധ ഗര്‍ത്തത്തിലേയ്ക്ക്
ഇറങ്ങിച്ചെല്ലാറുണ്ട്.

അവിടെ..........,
കാലങ്ങളായി പുകയുന്ന
ഹൃദയത്തിന്‍റെ ഒരു പകുതിയും,
മുറിച്ചെടുക്കപ്പെട്ട കരളും....,
തലോടല്‍ കാത്തു മയങ്ങിപ്പോയ മുടിയിഴകളും,
കണ്ണീരൊപ്പാന്‍ കഴിയാതെ പിടയുന്ന കണ്‍പീലികളും,
കടന്നു വന്ന വഴിയോളവും തിരിച്ചുചെല്ലാന്‍
കൊതിയ്ക്കുന്ന കാല്‍പ്പാദങ്ങളും....
സ്വപ്നങ്ങളിലെന്നോ കണ്ട പിടിവള്ളികള്‍ക്കായി
പരതുന്ന ഇരു കൈകളും........ പിന്നെ....
നോവുകള്‍ തുന്നിക്കൂട്ടിയ ഒരു ഗര്‍ഭപാത്രവും
എന്നെ കാത്തു നില്‍ക്കാറുണ്ട്.
(അഗാധമായ ആ കയത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍
നിഴല്‍പോലും കൂടെയില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു)

ഇനിയും താഴെ.....
കനത്ത ഇരുട്ടും, കരിഞ്ഞ ഗന്ധവും
അവിടവിടെയായി എരിയുന്ന കനല്‍ക്കഷ്ണങ്ങളും...!
ചീഞ്ഞ അവശിഷ്ടങ്ങള്ക്കിടയിലൂടെ അല്‍പംകൂടി നടന്നാല്‍...
ഒരു കവാടത്തിനപ്പുറം.............................
എല്ലാ നൊമ്പരങ്ങളും തഴുകി ഒഴുകിയെത്തിയ
തെളിഞ്ഞ ഒരു തടാകമുണ്ടു പോലും!
നക്ഷത്രപ്പൂക്കളാല്‍ അലംകൃതമായ ഒരു കണ്ണീര്‍ത്തടാകം!
അവിടെ....സൂര്യനും, ചന്ദ്രനും ഒരുമിച്ച് ഉദിച്ചു നില്ക്കുന്നു!

ജന്മത്തിന്‍റെ പുണ്യവും, പൂര്‍ണ്ണതയും ഒരുമിക്കുന്നത്
അവിടെയെന്ന് അറിയുന്നുവെങ്കിലും...
ഒരിയ്ക്കലും ഞാനാ കവാടം തുറന്നിട്ടില്ല.
ആര്‍പ്പു വിളികള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയിലേക്ക്
പിന്‍ തിരിഞ്ഞോടുന്നു........എപ്പോഴും......