Sunday, November 15, 2015

വലിച്ചെറിയപ്പെടുന്നവര്‍

നീണ്ട യാത്രയ്ക്കൊടുവില്‍
നിറവിളക്കിനു മുന്നില്‍
വിറച്ചു വിറങ്ങലിച്ച്
കൈകൂപ്പി നിന്നതേ ഓര്‍മ്മയുള്ളൂ.
മിഴികള്‍ നിറഞ്ഞൊഴുകിയതും
തൊണ്ടയിടറിയതും, ആരുമറിഞ്ഞില്ല.
നാലു കൈത്താങ്ങുകളും,
കൈപ്പിടിയുള്ള ഒരു ഊന്നുവടിയും
ഈ നടയെത്തുവോളം 
ഒപ്പമുണ്ടായിരുന്നു,
പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍
കടന്നുവന്ന കാല്‍പ്പാടുകള്‍ പോലും
മാഞ്ഞു പോയിരിക്കുന്നു.
ചുറ്റും ആള്‍ത്തിരക്കിലും
ആരുമില്ലാത്ത ശൂന്യത മാത്രം.
കാത്തിരിപ്പിന്‍റെ നീണ്ട നാഴികകള്‍
കടന്നുപോകുമ്പോള്‍
ഇടിഞ്ഞു തൂങ്ങിയ അടിവയറും,
കുടിച്ചു വറ്റിച്ചു, ശോഷിച്ചുപോയ
മാറിടങ്ങളും,
ഇപ്പോഴും താരാട്ടു പാടുന്നുണ്ട്.
വിണ്ടുകീറിയ ചുണ്ടുകള്‍ മാത്രം
നിശ്ശബ്ദമായിരിക്കുന്നു.
മാറാല മൂടിയ,
കാഴ്ചമങ്ങിയ കണ്ണുകളില്‍
മായാതെനില്‍ക്കുന്ന
കുരുന്നു മുഖങ്ങളും
കുഞ്ഞു വികൃതികളും,
ഇടനെഞ്ചു പിടയ്ക്കുന്നു.
അവരെന്നെ തിരയുകയാവുമോ...
കാണാതെ വലയുകയാവുമോ..
മുത്തശ്ശിക്കഥ കേള്‍ക്കാതെ
കുഞ്ഞുപൈതങ്ങള്‍
ഉറങ്ങാതിരിക്കയാവുമോ....
തേങ്ങലുകള്‍, നേര്‍ത്തു നേര്‍ത്ത്
ദീര്‍ഘനിശ്വാസങ്ങളായി
ഒടുവില്‍.....ശ്വാസമകന്ന്,
തളര്‍ന്നു വീഴുമ്പോള്‍
ചുറ്റും മുഴങ്ങുന്ന
മണിയൊച്ചകള്‍ മാത്രം!
ഒപ്പം, നടയില്‍ ഭാരമിറക്കി,
തിരിച്ചു പോകുന്നവരുടെ
തിക്കും, തിരക്കും.
( ഒക്ടോബര്‍ 2013 )

അടര്‍ന്നുപോയവള്‍

അമ്മയേകും തണലേറ്റുറങ്ങിയും
ഇടയ്ക്കൊരു തലോടലുമേറ്റിരിക്കും
നോവറിയാത്തോരെന്നെ നിങ്ങള്‍
വേരോടെയല്ലോ പിഴുതെടുത്തു!
ഇളംപരുവത്തില്‍‍ പിരിച്ചെന്നാലേ
ഇവള്‍ നന്നാവൂ എന്നും ചൊല്ലി
പറിച്ചെടുത്തൊരാ നേരത്തയ്യോ
മറിഞ്ഞു വീണോരമ്മയിലത്തുമ്പില്‍ നിന്നും
രണ്ടുതുള്ളിയെന്‍ നെറുകയിലിറ്റിയതു
തിരിച്ചറിയാ നോവായ്ത്തുടിക്കുന്നു.
വേരിറങ്ങാത്തൊരീ വെട്ടുകല്‍ മണ്ണില്‍,
വെള്ളമില്ലാതെ, വരണ്ട കാറ്റേറ്റ്,
നിറമിഴികളുമായ് തേങ്ങുമെന്നെനോക്കി
ഇടയ്ക്കിടെ വന്നുപോകും ചാറ്റല്‍മഴയും
ചെമ്പന്‍ കിളിയും, പൂഴിക്കാറ്റും
എപ്പോഴുമെന്തേ കളിയാക്കിച്ചിരിക്കുന്നു.
ഒപ്പം നിന്നോരു മാവേടത്തിയേയും,
മാതളക്കുറുമ്പിയേയും
ആരുമേ പറിച്ചെടുത്തതില്ലാ
എന്നെ മാത്രമെന്തേ...
ഞാനൊരു
വാഴയായ്പ്പിറന്നതിനാലോ..?
വേണമെനിക്കെന്നില്ലിത്തോട്ടിലെ വെള്ളം
കൂട്ടുകാര്‍ക്കൊപ്പം വളവും, വെളിച്ചവും
മറയില്ലാതെയാ സൂര്യനെക്കാണണം
മാനംമുട്ടേ തലയൊന്നുയര്‍ത്തണം.
ഇവിടെയീ വേരുറയ്ക്കാത്ത മണ്ണില്‍ ഞാന്‍
ഇലകള്‍ വാടിത്തളര്‍ന്നുപോകുന്നു
ചൂടുതാങ്ങാതുരുകുന്നു,
ഏകയായ് മാറീടുന്നു.
തിരിച്ചു പോകേണമെനിക്കെന്‍റെ
നനവുറഞ്ഞൊരാ മണ്ണിലേക്കു വീണ്ടും
അലിഞ്ഞുതീരേണമവിടെയൊ മണ്ണില്‍
അഭിമാനിക്കുന്നതിലെന്നുമെന്നും.
( നവംബര്‍ 2013)

വാല്‍നക്ഷത്രം

നിലാവകന്ന 
നിശ്ശബ്ദമായ രാത്രി.
ശൂന്യമായ മനസ്സില്‍ നിന്നും
പടിയിറങ്ങിപ്പോയ വാക്കുകള്‍
പരിഹസിച്ചു ചിരിക്കുന്ന
ശബ്ദം മാത്രം.
അങ്ങകലെ
മേഘക്കീറുകള്‍ക്കിടയില്‍‍
ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്ന
അനേകം നക്ഷത്രങ്ങള്‍...
ഒരു നക്ഷത്രം മാത്രം
എന്നെ നോക്കി
ഉറക്കമില്ലാതെ
ചലനമില്ലാതെ
ഇമയനക്കാതെ നില്‍ക്കുന്നു!
എന്നെങ്കിലുമൊരു നാള്‍
ഒരു വെളിച്ചത്തിന്‍റെ കീറ്
പകര്‍ന്നു കിട്ടിയിരുന്നെങ്കില്‍,
അതിനുള്ളില്‍
ഒരു ജന്മം മുഴുവനും
പുതച്ചു മൂടി
മറ്റൊരു നക്ഷത്രമായി
അങ്ങകലെ എല്ലാം നോക്കി
മൌനമായി നില്‍ക്കാമായിരുന്നു.
ആരും തിരിച്ചറിയാത്ത
ഏതെങ്കിലുമൊരു നാളില്‍
നീ മാത്രം നോക്കിനില്‍ക്കെ
ഒരു വാല്‍നക്ഷത്രമായി
ഒന്നുകൂടി മിന്നി
അദൃശ്യമാകാമായിരുന്നു...!
( നവംബര്‍ 2013)

മുറിവുകള്‍‍

ഉള്ളില്‍‍
ഉറഞ്ഞുകൂടുന്നുണ്ട്...
മഞ്ഞടരുകള്‍‍ പോലെ 
തിരിച്ചറിയാത്ത ചിലത്!!
അടുക്കുകള്‍ക്കിടയില്‍
കുരുങ്ങിക്കിടക്കുന്ന മനസ്സ്
അടര്‍ത്തിയെടുക്കാനാവത്തവണ്ണം
ഉറഞ്ഞുപോയിരിക്കുന്നു.
വിള്ളലുകള്‍ക്കിടയിലൂടെ
ഇറ്റുവീഴുന്ന ഹിമകണങ്ങള്‍ക്ക്
കടും ചുവപ്പുനിറം.
എണ്ണമറ്റ പോറലുകള്‍ക്കിടയില്‍
ആഴത്തിലേറ്റ
ഏതോ സൂചിപ്പഴുതില്‍ നിന്നാവാം
ഇടക്കിടെ
അതങ്ങനെ ഉതിര്‍ന്നു വീഴുന്നു.
താളമില്ലാത്ത തുടിപ്പുകള്‍ക്കിടയിലും
വേറിട്ടുകേള്‍ക്കുന്ന നേര്‍ത്ത തേങ്ങലുകള്‍
മതിലുകള്‍‍ തകര്‍ത്ത്
കിതപ്പോടെയെത്തി
തളംകെട്ടി നിന്ന്
ഒടുവില്‍
തിരിച്ചുപോകാനറിയാതെ
വഴിതെറ്റിയൊഴുകി
വെളുത്ത പ്രതലത്തിലെ
കറുത്ത വരകളില്‍‍
ഉരുണ്ടുവീണു
ചിതറിത്തെറിച്ച്
അലിഞ്ഞു തീരുമ്പോള്‍‍
മുന്നില്‍-
വരഞ്ഞുതീരാറായൊരു മനസ്സ്
വീണ്ടും അവ്യക്തമാകുന്നു.
( ഡിസംബര്‍ 2013)

കരിയിലത്താരാട്ട്

കരിയിലകള്‍...
നിശബ്ദരായി ഏതോ പാദചലനം 
കാതോര്‍ത്തിരിക്കുന്നവര്‍.
നാളുകളുടെ നിശ്വാസങ്ങള്‍ ഏറ്റുവാങ്ങി
വിറങ്ങലിച്ചു വിതുമ്പുന്നവര്‍
ഇന്നലെകളില്‍
ഇളം കാറ്റില്‍ ഇളകിയാടി,
പടര്‍ന്നു തുടങ്ങിയ പുതുനാമ്പുകളെ നോക്കി
പരസ്പരം കണ്ണിറുക്കി ഊറിച്ചിരിച്ചവര്‍..
ഇടയ്ക്ക്
പൊഴിഞ്ഞു വീഴുന്ന പൂക്കളെ നോക്കി
ദീര്‍ഘനിശ്വാസം ഉതിര്‍ത്തും
നേര്‍ത്ത കാറ്റിന്‍റെ
കുഞ്ഞു തലോടലുകളില്‍
സാന്ത്വനം തേടിയും
സന്ധ്യയിലെ ശംഖൊലികളില്‍
കൂമ്പിയ മിഴികളുമായി
എന്തിനോ കാത്തു നിന്നവര്‍.
ഒരു നാള്‍ .......
വഴിതെറ്റിയെത്തിയ കൊടുങ്കാറ്റിന്‍റെ
ചൂളമടിക്കൊടുവില്‍
‍പേടിച്ചരണ്ട് കണ്ണുകള്‍ ഇറുക്കിയടച്ചതും
ആരോടും യാത്ര പറയാനാകാതെ
അടര്‍ന്നു വീണതും
നിമിഷാര്‍ദ്ധങ്ങളില്‍ ഒതുങ്ങുമ്പോള്‍
ഞെരിഞ്ഞമരുന്ന നിശ്വാസങ്ങള്‍
മണ്ണില്‍ അലിഞ്ഞുചേരാന്‍ ഇനി
ഏതാനും നാളുകള്‍ കൂടി ....
അതിനിടയില്‍
തരിച്ചു നില്‍ക്കുന്ന പുതുനാമ്പുകളെ
ഒരു താരാട്ടിലെങ്കിലും സാന്ത്വനിപ്പിക്കാമോ....
( ഡിസംബര്‍ 2013)

കളിത്തോഴന്‍‍‍

നേര്‍ത്തകാറ്റില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ചിലമ്പിച്ചു നില്‍ക്കുമീ
നാട്ടുമാവിന്‍റെ ചില്ലകളാടവെ
മുന്നിലായിപ്പൊഴിഞ്ഞിടും കണ്ണികള്‍
എന്മനസ്സിനെ താലോലമാട്ടുന്നു
ചെറിയചേമ്പില വട്ടം പിടിച്ചുചേര്‍-‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍
ത്തതിലൊരഞ്ചാറു ക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ണ്ണിമാങ്ങ നിറ-
ച്ചെന്‍റെമുന്നില്‍ ചിരിച്ചു നിന്നീടുമെന്‍‍
കുഞ്ഞുതോഴനെയോര്‍ത്തു പോകുന്നുഞാന്‍
പുതുമഴയ്ക്കൊത്തു പാതയോരത്തു നീ
പകുതിയും നനഞ്ഞീറനായ് വന്നെന്‍റെ
അരികില്‍ വാഴയിലക്കുട ചൂടിച്ചു
ചിരിചൊരിഞ്ഞന്നു നിന്നതോര്‍ക്കുന്നുഞാന്‍.
തോട്ടുവെള്ളത്തില്‍ തുള്ളിക്കളിച്ചിടും
ചെറുപരല്‍ക്കൂട്ടമാകെപ്പിടിച്ചിടാന്‍
ചൂണ്ടകോര്‍ത്തിടും നിന്‍റെചാരത്തുഞാന്‍
ചേമ്പിലക്കുമ്പിളേന്തി നില്‍ക്കുന്നതും
പകലുപോലുമിരുട്ടൊഴിയാത്തൊരാ
പഴയവീടിന്‍റെ മച്ചകത്തട്ടിലായ്
ഇറുകെയെന്നെ പുണര്‍ന്നൊരാനേരത്തെന്‍
കൊലുസഴിഞ്ഞതിന്‍ തേങ്ങലുയര്‍ന്നതും
നിലവിളക്കിന്‍റെ മുന്നില്‍ത്തൊഴും നേരം
നിറയുമെന്‍ മിഴി ദീപങ്ങള് കാണുവാന്‍
അരികു കൊത്തിയ തൂണിന്‍റെയപ്പുറം
പതിയെ നിന്നു നീ ഊറിച്ചിരിച്ചതും
നിഴലുറങ്ങുന്ന മച്ചകത്തിണ്ണയില്‍
ഞെരിയുമെന്‍ കുപ്പിവളകളുടയവേ
മിഴികള്‍കൂമ്പിടും നേരത്തൊരിയ്ക്കലും
പിരിയുകില്ലെന്നു കാതില്‍‍ നീ ചൊന്നതും,
ഇന്നുമെന്നുള്ളില്‍ നീറുന്നൊരോര്‍മ്മതന്‍
മര്‍മ്മരങ്ങളായലയടിച്ചീടവേ
ഇവിടെയീ കുളപ്പടവിലായിങ്ങനെ
ഇമയനങ്ങാതെ നോക്കിയിരിപ്പുഞാന്‍
നെറ്റിമേല്‍ നറു കുങ്കുമംചാര്‍ത്തുവാന്‍
മറ്റൊരാള്‍ക്കുമായ് കാത്തിരുന്നില്ല ഞാന്‍
കാതടപ്പിച്ചിടും പഴിപ്പാട്ടുകേ-
ട്ടേറെനാളുകള്‍ വാടിക്കൊഴിഞ്ഞുപോയ്
യാത്രചൊല്ലാതകലേ മറഞ്ഞൊരെന്‍
കൂട്ടുകാരനെ കാത്തുകാത്തിങ്ങനെ
ഇരുളിനോടൊത്തു കൂട്ടിരുന്നീടുമെന്‍
കരളിലെന്നുമോരുലയെരിഞ്ഞീടുന്നു.
(  ഡിസംബര്‍ 2013 ) 

Thursday, February 21, 2013

അഗാധ ഗര്‍ത്തങ്ങള്‍ 

ചൂട്ടെരിച്ചു തിമര്‍ക്കുന്ന ആര്‍പ്പു വിളികള്‍ക്കും
ആഘോഷങ്ങള്‍ക്കുമിടയില്‍ ഇടയ്ക്കിടെ
ഞാനാ അഗാധ ഗര്‍ത്തത്തിലേയ്ക്ക്
ഇറങ്ങിച്ചെല്ലാറുണ്ട്.

അവിടെ..........,
കാലങ്ങളായി പുകയുന്ന
ഹൃദയത്തിന്‍റെ ഒരു പകുതിയും,
മുറിച്ചെടുക്കപ്പെട്ട കരളും....,
തലോടല്‍ കാത്തു മയങ്ങിപ്പോയ മുടിയിഴകളും,
കണ്ണീരൊപ്പാന്‍ കഴിയാതെ പിടയുന്ന കണ്‍പീലികളും,
കടന്നു വന്ന വഴിയോളവും തിരിച്ചുചെല്ലാന്‍
കൊതിയ്ക്കുന്ന കാല്‍പ്പാദങ്ങളും....
സ്വപ്നങ്ങളിലെന്നോ കണ്ട പിടിവള്ളികള്‍ക്കായി
പരതുന്ന ഇരു കൈകളും........ പിന്നെ....
നോവുകള്‍ തുന്നിക്കൂട്ടിയ ഒരു ഗര്‍ഭപാത്രവും
എന്നെ കാത്തു നില്‍ക്കാറുണ്ട്.
(അഗാധമായ ആ കയത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍
നിഴല്‍പോലും കൂടെയില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു)

ഇനിയും താഴെ.....
കനത്ത ഇരുട്ടും, കരിഞ്ഞ ഗന്ധവും
അവിടവിടെയായി എരിയുന്ന കനല്‍ക്കഷ്ണങ്ങളും...!
ചീഞ്ഞ അവശിഷ്ടങ്ങള്ക്കിടയിലൂടെ അല്‍പംകൂടി നടന്നാല്‍...
ഒരു കവാടത്തിനപ്പുറം.............................
എല്ലാ നൊമ്പരങ്ങളും തഴുകി ഒഴുകിയെത്തിയ
തെളിഞ്ഞ ഒരു തടാകമുണ്ടു പോലും!
നക്ഷത്രപ്പൂക്കളാല്‍ അലംകൃതമായ ഒരു കണ്ണീര്‍ത്തടാകം!
അവിടെ....സൂര്യനും, ചന്ദ്രനും ഒരുമിച്ച് ഉദിച്ചു നില്ക്കുന്നു!

ജന്മത്തിന്‍റെ പുണ്യവും, പൂര്‍ണ്ണതയും ഒരുമിക്കുന്നത്
അവിടെയെന്ന് അറിയുന്നുവെങ്കിലും...
ഒരിയ്ക്കലും ഞാനാ കവാടം തുറന്നിട്ടില്ല.
ആര്‍പ്പു വിളികള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയിലേക്ക്
പിന്‍ തിരിഞ്ഞോടുന്നു........എപ്പോഴും......
വില്‍പ്പത്രം

എന്‍റെ ജീവന്‍ തുടിക്കുവോളം...
ഞാനിവര്‍ക്കൊരു താരാട്ടാകണം.
എന്‍ ശ്വാസത്തിന്നോരോ കണികയും,
ഇവരെയെന്നും തെന്നലായ് തഴുകണം.
എന്‍റെയോരോ കൈവിരല്‍ സ്പര്‍ശവും....,
ഇവരിലൊരു മായാജാലം തീര്‍ക്കണം...
എന്‍റെ ശബ്ദം –
കാലങ്ങള്‍ക്കപ്പുറത്തേയ്ക്കും പ്രതിധ്വനിക്കണം
എന്‍റെ നോട്ടം –
കാഴ്ചയ്ക്കപ്പുറത്തെ വെളിച്ചമാകണം
എന്‍റെ പൊട്ടിച്ചിരികള്‍ -
സായാഹ്നങ്ങളിലെ തിരമാലകളാവണം
എന്‍ നെഞ്ചിലെ തുടിപ്പുകള്‍ -
ഉറങ്ങാത്ത കാവല്‍ക്കാരനാകണം
എന്‍റെ വിങ്ങലുകളോരോന്നും –
കൂരിരുട്ടിലും കൂട്ടാകണം.

അറിയാതുതിര്‍ന്ന മിഴിനീര്‍ത്തുള്ളികളോ –
പാഥേയത്തിനുപ്പാവണം. .
ബാക്കിയാവുന്ന നെടുവീര്‍പ്പുകള്‍ -
തിരിഞ്ഞു നോക്കാനൊരു പിന്‍വിളിയാവണം...
ഒടുവില്‍.......,
എല്ലാമവസാനിച്ച് പുകച്ചുരുളുകളായ്
അനന്തതയില്‍ ലയിക്കുമ്പോള്‍....
ഇവര്‍ക്കായ് ഹൃദയത്തില്‍ പൊതിഞ്ഞു സൂക്ഷിച്ച
സ്നേഹപ്പൂക്കളോരോന്നും....
കണ്ണുചിമ്മിച്ചിരിക്കുന്ന നക്ഷത്രങ്ങളാകണം.....
ഒരിക്കലുമണയാത്ത നക്ഷത്രങ്ങള്‍....
വഴിവിളക്ക്

രാവേറെ കടന്നു പോകും തോറും
 നിലാവ് മങ്ങി മങ്ങി വരുന്നു....
ഒടുവില്‍....
ഒരു നിഴല്‍ പോലും കാണാനാവാതെ
ഇരുട്ടിനെ നോക്കിയിരിക്കെ
കണ്‍കോണിലെവിടെയോ ഒരു തുള്ളി
പുറത്തിറങ്ങാന്‍ അനുവാദം ചോദിയ്ക്കുന്നു..
കടന്നുപോയ രാത്രികളിലെങ്ങോ
വഴിയറിയാതുഴറിയപ്പോള്‍...
ഒരു തിരി വിളക്കുമായി മുന്‍പേ നടന്ന
വഴിയാത്രക്കാരനും
ഇടയിലേതോ വഴിയമ്പലത്തില്‍..
ഉണരാതെ ഉറങ്ങുന്നു...
ഇനിയുമെനിയ്ക്കു പോകേണ്ടതുണ്ട്..
കാതങ്ങള്‍ക്കപ്പുറത്തേക്ക്....
നീറുന്നൊരീ ഹൃദയം ഉരുക്കിയൊഴിച്ച്
ഈ വിളക്കു ഞാന്‍ വീണ്ടും തെളിയ്ക്കുന്നു..
തിരികെയണയാനായില്ലെങ്കിലും...
നീയുണരുമ്പോള്‍  ‍ കൂട്ടായിരിക്കാന്‍..........


ചില്ലി ബീഫ്

( മാടുകളെ തലയ്ക്കടിച്ചു കൊന്ന് ഇറച്ചിയാക്കുന്നതിനെക്കുറിച്ച്
 ന്യൂസ് ചാനലില്‍ കണ്ട വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും)

നാലുചക്ര വണ്ടിയില്‍,
... ‍ഞെങ്ങിഞെരുങ്ങി...
മിണ്ടാനാവാതെ...
അന്നവും വെള്ളവുമില്ലാതെ...
നാലു നാള്‍ വിറങ്ങലിച്ച്..
നാലു കാലില്‍ നില്‍ക്കാനാവാതെ..
അമ്മേയെന്നു വിളിക്കാനാവാതെ..
പൊരിവെയിലില്‍ കണ്ണു മഞ്ഞളിച്ച്..
കുഴഞ്ഞു നില്‍ക്കുമ്പോള്‍...
ഓര്‍ക്കാപ്പുറത്ത്....
ഇരുമ്പുകൂടംകൊണ്ട്
നെറുകയില്‍ കിട്ടിയ
കനത്ത പ്രഹരത്തില്‍...
എന്തിനീ ജന്മമെന്നോര്‍ക്കാന്‍
സമയംകിട്ടുന്നതിനു മുന്‍പേ..
പിടഞ്ഞുവീണ്....
‘അംഗീകാരം’ ഇല്ലാത്ത
അഴുക്കു കൂമ്പാരത്തിനിടയില്‍
വെട്ടി നുറുക്കപ്പെട്ട്
തൂക്കി വില്‍ക്കപപ്പെടുമ്പോഴും
ഒന്നേ നിനച്ചുള്ളൂ......
വിശന്നു വലഞ്ഞ്...,
എന്നെക്കാത്തിരിക്കുന്ന നിന്‍റെ മുന്നില്‍...
എത്രയും പെട്ടെന്ന്....
ചൂടോടെ...!!!

Tuesday, October 2, 2012

Rajghattile Agni


                                
                                    രാജ്ഘട്ടിലെ അഗ്നി
ഇന്ത്യതന്‍ പൈതൃകമേറെയുയര്‍ത്തി
തെളിയുന്നുണ്ടണയാതെ ഇവിടെയൊരഗ്നി
നാടിന്നു സ്വാതന്ത്ര്യത്തേനുണ്ണാനേകി
ശാന്തിതന്‍ മന്ത്രം ഉയര്‍ത്തുമീയഗ്നി!

സഹനവും, ക്ഷമയും, അഹിംസയുമോതി
പദയാത്രയിന്നും നടത്തുന്നു ബാപ്പു
കാണുവാനാവില്ലദൃശ്യനായ് നിന്നൂ
നാടിന്‍റെ ദുര്‍ഗതിയോര്‍ത്തു തേങ്ങുന്നു.

മണ്ണും, മണലും, പാടവും, പുഴയും
കാടുമീ നാടും പൂര്‍വ്വ സമ്പത്തും
മായ്ക്കുന്നു ഭൂപടചിത്രത്തില്‍പ്പോലും
നിയമങ്ങളെന്നും നോക്കി നില്‍ക്കുന്നു.

ഇന്ധനം, ധാന്യം, വെള്ളം, വെളിച്ചം
വിലകുതിച്ചെന്നും ഇരുളിലാഴുന്നു
അടിമത്തബന്ധനം ആഴത്തില്‍ വീണ്ടും
അറിയാതെ നമ്മെ കാര്‍ന്നു തിന്നുന്നു.

കുഞ്ഞുങ്ങള്‍ വിലപേശി വില്‍ക്കപ്പെടുന്നു
വൃദ്ധരെ തെരുവില്‍ വലിച്ചെറിയുന്നു
സ്ത്രീകള്‍ക്കു മാനം പണയമാവുന്നു
വിലയില്ലാ കര്‍ഷകന്‍ ജീവന്‍ വെടിയുന്നു.

പകലും മുഖംമൂടിക്കോലങ്ങള്‍ തുള്ളും
വഴിയില്‍ത്തളം കെട്ടി നില്‍ക്കുന്നു രക്തം
ആദര്‍ശമടിയറവയ്ക്കുന്നു രാജ്യം
അഴിമതിയേറ്റും ഭരണകൂടങ്ങള്‍!

എവിടെയാ മൂവര്‍ണ്ണക്കൊടി ചാര്‍ത്തുമിന്ത്യ?
എവിടെയെന്‍‍ ജീവന്‍ കൊടുത്ത സ്വാതന്ത്ര്യം?
കേള്‍ക്കുക, പിടയുമാ ദേഹി ചൊല്ലുന്നു
ഇതല്ല..! ഞാന്‍ കണ്ട, സ്വപ്നത്തിലെയിന്ത്യ!

Sunday, September 23, 2012


 

ഓര്‍മ്മത്തുരുമ്പുകള്‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍

നിറം മങ്ങുന്ന ഓര്‍മ്മകള്‍...
ഒരിക്കലും തിരിച്ചണയാത്ത ഇന്നലെകള്‍...
നിഴല്‍ മൂടുന്ന ഇടവഴികളില്‍,‍‍
വിടരാന്‍ മറന്ന പൂമൊട്ടുകള്‍.‍‍‍‍‍‍‍‍...
എന്‍റെ വരികള്‍‍‍‍‍ക്കായ് നീപകര്‍ന്ന ഈണം
മതിയാവാതെ മയങ്ങിയ
പുഴക്കരയിലെ പൊരിമണല്‍ത്തരികള്‍....

രാത്രിയുടെ ഏതോ യാമങ്ങളില്‍
നിന്‍റെ കവിള്‍‍ത്തടങ്ങളെ തഴുകിയകലുന്ന
കുളിരുള്ള ഇളം തെന്നല്‍....
നമുക്കിടയിലെ പ്രണയസല്ലാപങ്ങളെ
ഒളിഞ്ഞും തെളിഞ്ഞും കാതോര്‍ത്തിരുന്ന
ഈറന്‍ നിലാവ്...

തിരിഞ്ഞു നോക്കുമ്പോള്‍...
കടന്നു വന്ന വഴികളില്‍ നിറയെ
മഞ്ഞു മൂടുന്നുവോ.........
എന്‍റെ കൈവിരലുകള്‍ ചേര്‍ത്തു പിടിച്ച്
എന്‍റെ കാലടിപ്പാടുകള്‍‍‍‍‍‍‍‍ക്കൊപ്പം ചലിക്കുന്ന നീയും
ഓര്‍മ്മകളില്‍ മങ്ങി മങ്ങി – ഒടുവില്‍
ഞാനറിയാതെ എനിക്കന്യമാവുമ്പോള്‍
ഒന്നു മാത്രം ഞാന്‍ തിരിച്ചറിയുന്നു...
മറവികളുടെ തിരശ്ശീലയ്ക്കുമപ്പുറത്ത്
നമ്മുടെ സ്പന്ദനങ്ങള്‍ക്ക് ഒരേ താളമെന്ന്....

എന്‍റെയീ കണ്ണകളില്‍ നിന്നെ
ഒന്നുകൂടി നിറയ്ക്കട്ടെ...
ഓര്‍മ്മയുടെ അവസാന കണികയും
മായുന്നതിനു മുന്‍‍പ്.....

( മറവിരോഗം ബാധിച്ചവര്‍ക്കായി )

Thursday, May 24, 2012

കര്‍ഷ‍കന്‍
ഭക്ഷ്യസുരക്ഷയാം ഭാവി സുരക്ഷയ്ക്കായ്
ദീപം തെളിച്ചു നാം മുന്നേറവേ
അറിയുക നമ്മളീ നാടിന്‍റെ പുത്രനെ,
മണ്ണിനെ പൊന്നാക്കി മാറ്റുന്ന ധീരനെ.

ധാന്യസുരക്ഷയ്ക്കു കാവലാളാണിവന്‍
വേര്‍പ്പു നീരുപ്പാക്കി മണ്ണില്‍ വിതച്ചവന്‍
തേകുവാന്‍ വെള്ളമില്ലാത്തൊരാ പാടത്ത്
കണ്ണുനീര്‍ കൊണ്ടു ചാല്‍ കീറി നനച്ചവന്‍

കദനവിലാപങ്ങള്‍ കൊയ്ത്തു പാട്ടാക്കിയോന്‍
കതിരു കൊത്തും കിളിക്കുയിരെറിഞ്ഞാട്ടിയോന്‍
മൂത്തു വിളഞ്ഞതാം പൊന്മണിക്കനവുകള്‍
വാരിയെല്ലരിവാളാല്‍ കൊയ്തു നിറച്ചവന്‍

സ്വപ്നങ്ങള്‍ കൊയ്തൊരാ പാടത്തു നെല്‍ക്കതിര്‍
പ്രാണനേപ്പോലെ ഉണങ്ങാന്‍ വിരിച്ചവന്‍
പാതിയുണങ്ങിയ നെല്ലിന്‍ പുതപ്പിനാല്‍
പാടത്തുറങ്ങിക്കിനാവുകള്‍ കണ്ടവന്‍

അറിയാതെ പോയവന്‍ ആഗോളവല്‍ക്കരണം
അര്‍ബ്ബുദ ബാധപോല്‍ ആകെത്തകര്‍ക്കുന്നു
കാര്‍ഷിക വിളകള്‍ക്കു വിലയില്ലാതാകുന്നു
കര്‍ഷകക്കുടിലുകളില്‍ അലമുറകളുയരുന്നു!

തിരികെയടക്കുവാനായിടാ ബാദ്ധ്യത
ബാധയൊഴിഞ്ഞിടാ കോമരമാകവേ
പെണ്‍കിടാങ്ങള്‍ക്കു പഠിപ്പിന്നൊടുക്കുവാന്‍
ഇല്ലയിടങ്ങഴി നെല്ലിന്‍റെ കൂലിയും

പിടിയാപ്പിഴപ്പലിശയേറ്റും കടങ്ങളാല്‍
ഒരുനാളില്‍ ഒരു കയര്‍ത്തുമ്പിലായാടവേ
അവനീലുടറിയുകീ നാടിന്‍റെ സ്പന്ദനം
ചിറകറ്റു വീണടിഞ്ഞില്ലാതെയായതും

ആയിരം കൈകളെ ഒന്നായുയര്‍ത്തി നാം
നേരവകാശങ്ങള്‍ പോരാടി നേടവേ
ഉണരുക! ചിന്തിക്ക! ഒരു നിമിഷം
നമുക്കുയരേണ്ടതുണ്ടിനി വീണ്ടും

Sunday, May 20, 2012

പൈതല്‍

 
കുഞ്ഞേ എനിക്കൊന്നു യാത്ര ചൊല്ലാന്‍
കുഞ്ഞിക്കണ്ണു തുറന്നൊന്നു നോക്കുക നീ
കൊതിതീരെയൊരു നോക്കു കാണട്ടെ നിന്നെയി –
 ന്നവസാനമായൊന്നു പുല്‍കിടട്ടെ

കനിവെഴുമീശ്വരന്‍ അറിയാതെ നല്‍കിയോ-
രഴകിന്‍റെ തൂവലാണെന്‍റെ പൈതല്‍
നറുപുഞ്ചിരിപ്പാലിന്‍ അമൃതെടുത്തേകി
ഇന്നൊരു കുടത്തോളം നിനക്കു ദൈവം!

വഴിവിട്ടു വഴിതേടി ഏതോ കയങ്ങളില്‍
അറിയാതെ വീണതാണൊരുനാളില്‍ ഞാന്‍
പിന്‍ തിരിഞ്ഞൊരു വാക്കു പറയാതിറങ്ങിയ
പഥികര്‍തന്‍ കൂട്ടത്തിലാണു താതന്‍.

സന്ധ്യത്തിരി വെട്ടമൊന്നു താഴുന്നുവോ
രാത്രി യാമങ്ങളെ കുമ്പിടാനായ്
അമ്പിളിമാമനെ കൂട്ടിരുത്താം തങ്ക-
മൊന്നിനും കേഴുകയില്ലയെങ്കില്‍!

കൂമ്പിയുറങ്ങിയ താമരപ്പൂമൊട്ടു
പോലെ നീ രാരിരം ചായുറങ്ങേ
രാത്രി നരിച്ചീറു കൂട്ടങ്ങളെന്നരി
പ്രാവിനെ നോവിക്കയില്ലസാരം

മരണം മണത്തിടും വ്യാധിയാലമ്മതന്‍
നാളുകളെണ്ണിക്കുറിച്ചതിനാല്‍
ഇപ്പടിത്തിണ്ണയില്‍ ജീവന്‍റെ ജീവനെ
ഒറ്റയ്ക്കുപേക്ഷിച്ചു പോകുന്നു ഞാന്‍

കൊച്ചു കല്‍പ്പടിയേറി പിച്ചവച്ചെന്നുണ്ണി
പുസ്തക കെട്ടുമായ് പോകും നേരം
പാടവരമ്പത്തു പാതി മറഞ്ഞമ്മ
എന്‍ മണിക്കുഞ്ഞിനെ പാത്തു കാണും

നാളെ വളര്‍ന്നു നീ ഈ നാടു കാക്കുന്ന
കാര്യപ്രഭാവതിയാകും നേരം
കണ്ണും മനസ്സും നിറഞ്ഞു കുളിര്‍ന്നമ്മ
ഈയുലകത്തോടു യാത്ര ചൊല്ലും.

കരളേയെന്‍ കണ്ണില്‍ നിറഞ്ഞു തുളുമ്പുന്നു
പെയ്തൊഴിയാത്തൊരാം മേഘവര്‍ഷം
കണ്‍നിറഞ്ഞൊരുനോക്കു 

കാണുവാനാകാതെ
എന്നിടനെഞ്ചു പിടച്ചിടുന്നു...

ഉലകത്തിലാരും പൊറുത്തിടാ പാതകം
ചെയ്യുമീ അമ്മയ്ക്കു മാപ്പു നല്കി
അന്തിത്തിരി വെട്ടമെന്നും കൊളുത്തേണം
അമ്മതന്‍ ആത്മാവു ശാന്തി നേടാന്‍!

Tuesday, October 20, 2009

കടലാസ്സു പൂക്കള്‍











ശാന്തമായൊരാ തീരവും ഓളവും
നേര്‍ത്തകാറ്റിന്‍റെ നിശ്ശബ്ദ ഗീതവും
അകലെയമരുന്ന കിരണങ്ങള്‍ തന്‍‌ ദുഖ
മിവിടെയീ പൂഴിമണലില്‍ തുടിയ്ക്കവെ
അവിടെയേകനായാകവി തന്‍ ചുറ്റു-
മിരുള്‍ പരക്കുന്ന തറിയാതിരിക്കയാ-
ണരികിലൊരു കൊച്ചുഭാണ്ഡമുണ്ടാം മൂക-
മൊരു ദുരന്തത്തിന്‍ സാക്ഷിയാണെന്ന
പോല്‍

കനവുറങ്ങുമോ തീരത്തിരുന്നൊരു
കടലാസ്സിലെന്തോ കുറിക്കുകയാണയാള്‍
ഒരു പിടിത്തുണ്ടുകളവിടെയുമിവിടെയും
അലകളില്‍ച്ചേരുവാനായ്പ്പറക്കുന്നു
മിഴികളില്‍ത്തുള്ളിയൂറിയിരിക്കുന്ന-
തിരുളിലാരുമേ കണ്ടെന്നിരിക്കില്ല.
ഇടയിലൊപ്പുന്നതുണ്ടയാളെങ്കിലും
ഇടയിലായവ മണ്ണിനെപ്പുല്‍കുന്നു.

മതിവരാതെയീക്കാലവു മത്രയും
മധുരമേകിയോരോര്‍മ്മകളാണവ
അതിവിദൂരമങ്ങേതോ വസന്തത്തി-
ന്നിതളിലായ് പൂത്ത സ്വപ്നങ്ങളാണവ
ക്ഷണികമേതോ ഋതുക്കളും വര്‍ണ്ണവും
ഇടവിടാതെയായ് വന്നു പോയെങ്കിലും
മാഞ്ഞിടാത്തൊരാമോര്‍മ്മ തന്‍ ചിത്രങ്ങള്‍
വരികളാക്കുവാനര്‍ത്ഥിക്കയാണയാള്‍
.............................
അരികിലുണ്ടായിരുന്നവള്‍ നിത്യവും
ഇഴപിരിഞ്ഞിടാത്താമര നൂലിനാല്‍
അരിയ സ്വപ്നങ്ങള്‍ നെയ്തതും പിന്നെയീ
പുഴമണല്‍ക്കരെക്കോലം വരച്ചതും
"തോഴ നിന്‍ തോളില്‍ ചാരിക്കിടന്നൊരു-
പാടു സൃഷ്ടിതന്‍ പുണ്യമുണ്ടാകണം"
എന്നു ചൊല്ലിപ്പിരിഞ്ഞൊരാ രാപ്പാടി
തന്‍റെ യോര്‍മ്മയീലായിപ്പിടഞ്ഞയാള്‍


കളകളാരവം കേട്ടൊരാപുഴയുടെ
കരയിലെന്നുമേയൊരുമിച്ചിരുന്നവര്‍‌‍
പൊലിയുവാനായെരിഞ്ഞിടും തോഴിതന്‍
മിഴികളില്‍ സ്വപ്നകാവ്യം രചിച്ചവന്‍
ചെറിയ കല്ലുകളാലെയിടയ്ക്കിടെ

പുഴയിലേയ്ക്കെറിഞ്ഞോളങ്ങള്‍‌ തീര്‍ത്തയാള്‍
കവിതയെന്നും തുളുമ്പീടുമവളുടെ
കവിളിലൊരുപാടു മുത്തങ്ങള്‍ നല്‍കിയും
മുടിയിഴകളില്‍ കൈവിരലോടിച്ചും
മൃദുലമായൊന്നു നുള്ളിയും നോവിച്ചും
വരികളാലവള്‍ തീര്‍ക്കുന്ന സ്നേഹത്തി-
ന്നിടയിലായൊന്നു കണ്ണുകളോടിച്ചും
കാതിലായവന്‍ ചൊല്ലി "നീയെന്‍ പ്രീയ
രാധയാണെന്‍റെ ജിവന്‍റെ താളവും
ഇവിടെയിങ്ങനെയൊരുപാടു വരികള്‍ തന്‍
സ്വര്‍ണ്ണ സൌധം നാമൊരുമിച്ചു തീര്‍ക്കണം"
അല്ലലറിയാതെ പൊട്ടിച്ചിരിക്കുന്ന
പുഴയിലായ് ധ്വനിക്കുന്നവള്‍ തന്‍ ചിരി
"പോയിടേണം പൊലിഞ്ഞു തീരാറായ
ജീവനായുസ്സു നല്‍കില്ലയീശ്വരന്‍
എന്‍റെ സൃഷ്ടിതന്നൂര്‍ജ്ജവും ഭാവവും
എന്‍റെ കണ്ണനാം നീ"യെന്നു ചൊല്ലിയാള്‍
"ഇല്ലയേകുവാനൊരു പിടി കടലാസു
പൂക്കളല്ലാതെയെന്‍റെയീ ജന്മത്തില്‍"

സാന്ത്വനങ്ങളാം മഞ്ഞിന്‍ പുതപ്പാലേ
മൂടിയവനവള്‍ തന്‍ കുളിരാറ്റുവാന്‍
ചൊല്ലി "നാമിരുപൂക്കളായാകാശ-
ക്കൊന്ന തന്നിലായ് പൂക്കുന്നൊരുകാല
മെത്തുമന്നേക്കു മാത്രമായെന്‍ സഖി
കാത്തുകൊള്‍കനീയീസ്നേഹമത്രയും"
പെയ്തൊഴിഞ്ഞീടാന്‍ വെമ്പുമാ മേഘത്തിന്‍
മാറിലായ് നീറും വേഴാമ്പലായവള്‍
നേര്‍ത്ത കാറ്റില്‍ പൊലിഞ്ഞൊരാ സന്ധ്യക്ക്
മാറ്റുരക്കുവാന്‍ പോലുമേയാകാതെ.
....................................
ഇലകളോരോന്നുതിര്‍ന്നു വീണൊടുവിലാ-
കാലവൃക്ഷത്തില്‍ പൂക്കളില്ലാതെയായ്
ഇനിയുമുറവ വറ്റാത്തൊരീ പുഴയുടെ
കരയിലായവന്‍ തന്നെയിരിക്കുന്നു.
കരുതലായുണ്ടാ ഭാണ്ഡത്തിലൊരുപാടു
കറകളഞ്ഞതാം സ്നേഹത്തിന്‍ സാക്ഷികള്‍
ഇടയിലായവന്‍ ഗദ്ഗദം മാറ്റുവാ-
നുരുവിടാറുണ്ടതീണമില്ലെങ്കിലും


കേട്ടു ഗൂഡസ്മിതം പൊഴിച്ചാപുഴ
ഏറ്റു വാങ്ങീയവന്‍റെയാം നൊമ്പരം
ഒടുവിലെങ്ങോ മറഞ്ഞവന്‍ പ്രാണന്‍റെ
പുതിയ ജന്മവും തേടിത്തിരിച്ചതോ
അറിയുകില്ലെന്നു കൈമലര്‍ത്തീ പുഴ
കുടുകുടെച്ചിരിച്ചാരോടോ ചൊല്ലുന്നു
"ഇവിടെയീ മടിത്തട്ടിലായൊരുപാടു
വ്രണിത മോഹങ്ങളുണ്ടതിന്‍ സാക്ഷി ഞാന്‍"
വീണ്ടുമൊഴുകുകയാണു തന്നുദരത്തി-
ലായൊരുപാടു കടലാസ്സുതുണ്ടുമായ്

മതിവരാതെ പൊലിഞ്ഞൊരാ സ്നേഹത്തി-
ന്നൊളിവിടാത്തൊരു ബാക്കി പത്രങ്ങളായ്
അവിടെയിന്നുമിരിപ്പുണ്ടാ ഭാണ്ഡവും
അതിലൊരഞ്ചാറു കടലാസ്സു പൂക്കളും.
______________


Sunday, September 27, 2009

അധിനിവേശം

ഒരു സൂര്യന്‍ അസ്തമിക്കുന്നു
(ഭാഗ്യം, നമുക്ക് വേറേയും സൂര്യന്മാരുണ്ട്
ഒന്നിനു പിറകെ ഒന്നായി ഉദിച്ചു കൊള്ളും)
ഇത് ഒരു യുഗത്തിന്‍റെ അവസാനമെന്ന്
ഏടുകള്‍ മറിച്ചു നോക്കിയവര്‍ മന്ത്രിച്ചു.
വിധി തിരുത്തിക്കുറിക്കണമെന്ന്
പ്രകടനം നടത്തിയവര്‍ ആക്രോശിച്ചു.

ഉയരത്തിലുള്ള, പതു പതുത്ത കസേരയിലിരുന്ന്
വിധിയെഴുതിയവര്‍ അത്
തിരുത്തിക്കുറിക്കുവാനുള്ളതല്ലെന്ന്
ഉറക്കെ പ്രസ്താവിച്ചു.
പാവകള്‍ ഒരുപാടു നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
എല്ലാം ലോകജേതാവിന്‍റെ കയ്യിലെ
ചരടിലിരുന്നാണ് ആടുന്നതും.
യുദ്ധപ്പുക കെട്ടടങ്ങിയ മണ്ണില്‍
തലയും കൈകാലുകളും ഒന്നുമില്ല
കുറെ രക്തക്കറമാത്രം.
തകര്‍ന്നടിഞ്ഞ, അവശിഷ്ടങ്ങള്‍ക്കിടിയിലൂടെ
ആയുധങ്ങള്‍ പരതുന്നവര്‍.

ചൂടുപിടച്ച മണല്‍പ്പരപ്പിനു താഴെ
തിളക്കുന്ന എണ്ണയുടെ പുകഞ്ഞമണം
അന്യാധീനപ്പെട്ട പൈതൃകം !
കാവല്‍ക്കാരില്ലാത്ത ഒളി മാളങ്ങളില്‍
ഇഴഞ്ഞു ചെല്ലുന്ന അട്ടകള്‍ !
യൂദാസ്സുകള്‍ പുനര്‍ജ്ജനിക്കുന്നു !
ഒരു ത്രാസ്സിന്‍റെ ഇരുതട്ടിലായി
തൂങ്ങുന്ന നന്മതിന്മകള്‍
ഒടുവില്‍ - ന്യായവേദിയില്‍ - മുന്‍പേ രചിക്കപ്പെട്ട
ചുരുളുകള്‍ വീണ്ടും നിവര്‍ത്തി രചിക്കുമ്പോള്‍
കൈവിറക്കുന്നവന്‍റെ വിളറുന്ന മുഖം
മരുഭൂമിയില്‍ പാതിവഴിയില്‍
ചിറകറ്റുവീഴുന്ന പ്രതിഷേധങ്ങള്‍
സഹതിപിക്കുവാന്‍ 
അളവുകോല്‍ കിട്ടാത്തതിനാല്‍
കാഴ്ചയും കേള്‍വിയും ശബ്ദവും നഷ്ടപ്പെട്ട ഹിമവാന്‍റെ മക്കള്‍.
മറ്റൊന്നും ചിന്തിക്കാനില്ലാത്തവര്‍ക്ക്
ഈ അദ്ധ്യായം ഇവിടെ അവസാനിപ്പിക്കാം.
ഹേ, സദ്ദാം താളുകളില്‍ നിന്ന്
താങ്കള്‍ തനിയെ മാഞ്ഞു കൊള്ളും.
________________________________________
(സദ്ദാമിനെ തൂക്കിലേറ്റുന്നതിന് ഒരുമാസം മുന്‍പ് എഴുതിയത്.
കെ.ജി.ഒ.ഏ. ന്യൂസ്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.)


Saturday, September 26, 2009

ഓര്‍മ്മ ....

ഇന്നുമക്കാലത്തിന്നോര്‍‍മ്മകളെന്നുടെ
ചിന്തയിലാര്‍‍ത്തിരമ്പീടുന്നുവോ
ഏതോ മരിക്കാത്ത ഭൂതസ്മരണകള്‍
എന്നിലായ് വീണ്ടും മുഴങ്ങുന്നുവോ
ഒരു കൊച്ചുപൂമ്പാറ്റ പോലെയായ് 
പാറി
നടന്നൊരാക്കാലമിന്നോര്‍മ്മകളായ്
കടലാസ്സുതോണിയില്‍ തീരങ്ങള്‍ തേടി-
ക്കളിച്ചൊരക്കാലം വിദൂരമായി
ഒരു കൊച്ചു കുടയുടെ കീഴിലായ് ആ-
വിരല്‍ത്തുമ്പിന്‍മേല്‍ തൂങ്ങി നടന്നകാലം
എന്‍ പ്രിയ ജ്യേഷ്ഠന്‍റെ കുഞ്ഞരിത്തുമ്പിയായ്
ചാടിക്കളിച്ചു നടന്നകാലം
താളത്തിലാടുമീ പുഴയിലായന്നെന്‍റെ
ചിതകത്തിയെരിയുന്നതോര്‍ത്തീടവേ
ഈ നിള പാടിയ താരാട്ടുകേട്ടു
മയങ്ങിയ കാലം മറന്നുപോയി
കണ്‍മുന്നിലിന്നും തുടിക്കുമാ ഭീകര
ദൃശ്യവും അമ്മതന്‍ രോദനവും
ദൂരെയൊഴുക്കിലകന്നൊരെന്‍ ജ്യേഷ്ഠനും
ഈയൊരുകാലവുമെത്തിയില്ല
കൊച്ചു കുടക്കീഴില്‍ പുസ്തകക്കെട്ടുമായ്
ആ വിളികേട്ടു തരിച്ചു നില്‍ക്കേ
ആര്‍ത്തലച്ചീടും മഴയിലായന്നെന്‍‍റെ
തേങ്ങലുമെങ്ങോ ലയിച്ചുപോയി
'കൊച്ചുകല്‍ത്തുണ്ടുകള്‍‍ നിന്നിലെറിഞ്ഞിട്ടോ
എന്തിനെന്നമ്മയെ കൊണ്ടുപോയി'
എന്നതിനുത്തരം കിട്ടാതെ തേങ്ങിയ
നേരവും ഓളവും ചിരിച്ചുമാത്രം.
ഇറ്റിറ്റു വീഴുമീ തുള്ളികളിന്നെന്‍റെ
ചിന്തയില്‍ താണ്ഡവമാടിടുമ്പോള്‍
തീര്‍ത്തും മറക്കുവാനാകുമോ ജീവിത-
മെന്നുമനന്തമായ് നീണ്ടു നില്‍ക്കേ.